എഫ്.സി.എ.ടി പിരിച്ചു വിട്ടു; സിനിമാക്കാര്‍ ഇനി ഹൈക്കോടതിയെ സമീപിക്കണം

സംവിധായകര്‍ക്ക് സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് രൂപീകരിച്ച ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ (എഫ്സിഎടി) എന്ന സമിതിയെ പിരിച്ചു വിട്ടു.കേന്ദ്ര നിയമമന്ത്രാലം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവ് പ്രകാരം സെന്‍സറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

1983ലാണ് സിനിമാറ്റോഗ്രഫി ആക്റ്റിന്റെ കീഴില്‍ എഫ്സിഎടി നിലവില്‍ വരുന്നത്. സെന്‍സര്‍ ബോര്‍ഡ് സിനിമയക്ക് പ്രദര്‍ശനാനുമതി നല്‍കാതിരുന്നാല്‍ ബോര്‍ഡിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാനാണ് എഫ്സിഎടി രൂപീകരിച്ചത്.

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കത്തിനെതിരേ വിശാല്‍ ഭരദ്വാജ്, ഹന്‍സല്‍ മേത്ത, റിച്ച ഛദ്ദ തുടങ്ങിയ ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കോടതിയ്ക്ക് സമയം ഉണ്ടാകുമോ എന്നും ഈ തീരുമാനത്തിന് പിന്നില്‍ എന്താണെന്നും ഹന്‍സല്‍ മേത്ത ചോദിച്ചു.