നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച് രാധാ രവി, പിന്നാലെ വിമര്‍ശനവുമായി വിഘ്‌നേശ് ശിവന്‍

നയന്‍താരയെ പൊതുവേദിയില്‍ അവഹേളിച്ച് തമിഴ് നടന്‍ രാധാ രവി. സ്ത്രീകള്‍ക്കെതിരായ വിവാദപരാമര്‍ശത്തില്‍ താരം മുന്‍പും വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നയന്‍താരയുടെ വ്യക്തി ജീവിതമടക്കം പരാമര്‍ശിച്ചാണ് താരത്തിന്റെ വിവാദപരാമര്‍ശം. നയന്‍താരയുടെ പുതിയ ചിത്രമായ കൊലയുതിര്‍ കാലത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടയിലാണ് നയന്‍താരക്കെതിരായ പരാമര്‍ശം.

‘നയന്‍താരയെ നിങ്ങള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നും വിളിക്കരുത്. പുരട്ചി തലൈവര്‍, നടികര്‍ തിലകം, സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ പറയുന്നത് അത്തരം വിശേഷങ്ങള്‍ ശിവാജി ഗണേശന്‍, എംജിആര്‍, രജനീകാന്ത് തുടങ്ങിയവര്‍ക്കൊക്കെയാണ് ചേരുക. അവരോടൊന്നും നയന്‍താരയെ താരതമ്യം ചെയ്യരുത്. പിന്നെ നയന്‍താരയുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ ഇവിടെ അറിയാം. പക്ഷേ അവര്‍ ഇപ്പോഴും വലിയ താരമാണ്. അതിന് കാരണം എല്ലാം പെട്ടെന്ന് മറക്കുന്ന തമിഴ് മക്കളുടെ സ്വഭാവമാണ്. തമിഴില്‍ പ്രേതമായും അതേ സമയം തന്നെ തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കും. എന്റെ കാലത്തൊക്കെ കെ.ആര്‍ വിജയയെ പോലുള്ള നടിമാരായിരുന്നു സീതയുടെ വേഷം ചെയ്യുന്നത്. ഇന്ന് ആര്‍ക്കുവേണമെങ്കിലും സീതയുടെ വേഷം ചെയ്യാം. കണ്ടാല്‍ തൊഴുത് നില്‍ക്കാന്‍ തോന്നുന്നവര്‍ക്കും സീതയാവാം. കണ്ടാല്‍ വിളിക്കാന്‍ തോന്നുവര്‍ക്കും സീതയാകാം..’ ഇത്തരത്തില്‍ നയന്‍താരയുടെ വ്യക്തിജീവിതം അടക്കം പരാമര്‍ശിച്ച് തികഞ്ഞ അവഹേളനമാണ് താരം നടത്തിയത്. ഈ പരാമര്‍ശം പുറത്തുവന്നതോടെ പ്രതിഷേധമാണ് ഉയരുന്നത്.

ഇതിന് പിന്നാലെ രാധാ രവിയെ വിമര്‍ശിച്ച് സംവിധായകന്‍ വിഘ്‌നേശ് ശിവന്‍ രംഗത്തെത്തി. ഇയാളെ പോലെ വലിയ കുടുംബത്തില്‍ നിന്നുവരുന്ന വൃത്തികെട്ടവനെതിരെ നടപടി എടുക്കാന്‍ എന്താണ് വൈകുന്നത്. കുറച്ച് ശ്രദ്ധ കിട്ടാന്‍ ഇയാള്‍ ഇനിയും ഇങ്ങനെ പറയും. ഇതൊക്കെ കേട്ട് കയ്യടിക്കുന്നവരെ കാണുമ്പോള്‍ വേദനയുണ്ടെന്നും വിഘ്‌നേശ് കുറിച്ചു. ഗായിക ചിന്‍മയിയും രാധാ രവിയെ വിമര്‍ശിച്ച് രംഗത്തെത്തി. ഇത്തരം ആളുകളുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ യൂട്യൂബ് ചാനലുകളിലെ വാര്‍ത്തകള്‍ക്ക് ആവശ്യമാണ്. അത്‌കൊണ്ടാണ് എല്ലാവരും അയാളെ പിന്തുണയ്ക്കുന്നതെന്നും ചിന്മയി പറഞ്ഞു. വരലക്ഷ്മി ശരത് കുമാറും രാധാരവിയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

വീഡിയോ കാണാം