
ദേശീയ ചലചിത്ര പുരസ്കാരങ്ങൾ ഇന്ന് വൈകുന്നേരം ആറ് മണി മുതൽ പ്രഖ്യാപിക്കും. ഡൽഹിയിൽ നടക്കുന്ന വാർത്താ സമ്മേളനത്തിലായിരിക്കും പ്രഖ്യാപനം. 2023ലെ ചിത്രങ്ങൾക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളാണ് നൽകുന്നത്. ഇതിനായുള്ള എൻട്രികൾ 2024 സെപ്റ്റംബർ 18 വരെ സ്വീകരിച്ചിരുന്നു.
സാധ്യത പട്ടികയിൽ റാണി മുഖർജിയും വിക്രാന്ത് മാസിയും ഉൾപ്പെട്ടിട്ടുണ്ട്.മികച്ച നടൻ, നടി എന്നീ മേഖലയിലാണ് സാധ്യത. ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റാണി മുഖർജിയെ മികച്ച നടിക്കുള്ള അവാർഡിന് പരിഗണിക്കുന്നത്. ’12th ഫെയിൽ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനുള്ള അവാർഡിന് പരിഗണിക്കുന്നത്.
‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഇതിനോടകം ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ റാണിയെ തേടിയെത്തുകയും ചെയ്തിട്ടുണ്ട്. ’12th ഫെയിലും”വലിയ പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. വിക്രാന്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ പല പുരസ്കാരങ്ങളും മാസിക്ക് ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ കലാ-സാങ്കേതിക മികവിന് നൽകുന്ന അവാർഡുകളാണ് ദേശീയ ചലച്ചിത്ര അവാർഡുകൾ. എല്ലാ വർഷവും സർക്കാർ നിയമിക്കുന്ന ഒരു ദേശീയ പാനലാണ് വിജയിയെ തീരുമാനിക്കുന്നത്. 70-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ 2024 ഓഗസ്റ്റ് 16നാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ എട്ടിന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപദി മുർമു അവാർഡുകൾ വിതരണം ചെയ്തിരുന്നു.