മമ്മൂട്ടിയെ ചന്തുവാക്കി ഒരുക്കിയതിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രശസ്ത വസ്ത്രാലങ്കാരകന്‍ നടരാജന്‍ അന്തരിച്ചു. ‘ഒരു വടക്കന്‍ വീരഗാഥ’യിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരവും പഴശ്ശിരാജയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി 800 സിനിമകള്‍ക്ക് വേണ്ടി നടരാജന്‍ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. ഹരിഹരന്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. പീരീയോഡിക്കല്‍ ചിത്രമെന്ന നിലയില്‍ ഏറെ നിരൂപക പ്രശംസനേടിയ ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ.
വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലന്‍ കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1989ല്‍ പ്രദര്‍ശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. വടക്കന്‍ പാട്ടുകളിലെ പ്രശസ്തമായ കഥ നിരവധി തവണ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിലും അതിനു ശേഷവും ചലച്ചിത്രങ്ങളായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എന്നാല്‍ എം.ടി. ഈ ചിത്രത്തിലൂടെ ആ കഥയ്ക്ക് ഒരു വേറിട്ട ഭാഷ്യം നല്‍കുകയായിരുന്നു. കെ. ജയകുമാര്‍, കൈതപ്രം എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചത് ബോംബെ രവി ആണ് ചിത്രം നേടിയ പുരസ്‌കാരങ്ങള്‍ താഴെ
1989 ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍
മികച്ച തിരക്കഥ- എം.ടി. വാസുദേവന്‍ നായര്‍, മികച്ച നടന്‍- മമ്മൂട്ടി, മികച്ച കലാസംവിധാനം- പി. കൃഷ്ണമൂര്‍ത്തി, മികച്ച വസ്ത്രാലങ്കാരം- നടരാജന്‍
1989 കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍
ജനപ്രിയ ചിത്രം, മികച്ച തിരക്കഥ- എം.ടി. വാസുദേവന്‍ നായര്‍, മികച്ച നടന്‍- മമ്മൂട്ടി, മികച്ച രണ്ടാമത്തെ നടി- ഗീത, മികച്ച ഛായാഗ്രഹണം- കെ. രാമചന്ദ്ര ബാബു, മികച്ച പിന്നണിഗായിക- കെ.എസ്. ചിത്ര