എന്നാലും പ്രിയപ്പെട്ട മോദി താങ്കളില്‍ നിന്ന് ഇങ്ങനെ ഒന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല- ബാലചന്ദ്ര മേനോന്‍

സിനിമാജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാന്‍ ആരംഭിക്കുന്ന നമോ ടിവിയെക്കുറിച്ചുള്ള വാര്‍ത്തയെയും ചേര്‍ത്തുവെച്ച് രസകരമായി തന്റെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ഈ കുറിപ്പിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന ഉണ്ടെന്നോ ഒരു പുകവലയം സൃഷ്ടിക്കുകയാണെന്നോ കാട് കയറി ചിന്തിക്കരുതെന്നും പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ് തുടങ്ങുന്നത്.

1982ല്‍ ഞാന്‍ ഇത്തിരിനേരം ഒത്തിരികാര്യം എന്ന പേരില്‍ ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരു ചിത്രം പുറത്തിറക്കി. ഇതിന് പിന്നാലെ 1983 ല്‍ അതേ പശ്ചാത്തലത്തില്‍ പ്രിയദര്‍ശന്‍ താളവട്ടം എന്നൊരു ചിത്രം ചെയ്തു. ഇതേ അനുഭവമാണ് മോദിയില്‍ നിന്ന് ഉണ്ടായത് എന്ന് അദ്ദേഹം പറയുന്നു. താന്‍ ‘ഫില്‍മി ഫ്രൈഡേസ് ‘ എന്ന പേരില്‍ യുട്യൂബില്‍ ഒരു പുതിയ പ്രോഗ്രാം തുടങ്ങാന്‍ പോകുകയാണ്. അപ്പോഴാണ് മോദി യുട്യൂബ് ചാനല്‍ തുടങ്ങുന്നു എന്ന വാര്‍ത്ത വായിക്കുന്നത് എന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. സിനിമയില്‍ നിന്ന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷേ താങ്കളില്‍ നിന്ന് ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് ബാലചന്ദ്രമേനോന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത് വെറും തമാശയാണ് …എന്ന് പറഞ്ഞാല്‍ വെറും തമാശ.’ ഈ കുറിപ്പിന്റെ പിന്നില്‍ എന്തെങ്കിലും ‘ഗൂഢാലോചന’ ഉണ്ടെന്നോ ഞാന്‍ ഒരു ‘ പുകവലയം’ സൃഷ്ട്ടിക്കുകയാണെന്നൊന്നും ദയവായി കാട് കയറി ചിന്തിക്കരുതെന്നു പ്രത്യേക മുന്നറിയിപ്പ് .

എന്റെ തലേലെഴുത്തിനെ പറ്റിയാണ് പറയാന്‍ പോകുന്നത് …

എല്ലാര്‍ക്കുമുള്ളതു പോലെ എനിക്കും ഒരു ജാതകം ഉണ്ടല്ലോ. അത് സംബന്ധിച്ച ഒരു ചുഴിക്കുറ്റമാണ് എനിക്ക് പറയാനുള്ളത്.

നിങ്ങള്‍ കരുതും മോദിയറുടെ ഒരു പടം ഇട്ടേച്ചുംവെച്ചു ഇങ്ങേരെന്നതാ ഈ ‘വളുവളാന്നു’ പറഞ്ഞോണ്ടിരിക്കുന്നതു എന്ന് .. പറയാം മാഷേ …ഇച്ചിരി ക്ഷമീര് .. എണ്‍പതുകളില്‍ ഞാന്‍ ‘ പ്രേമഗീതങ്ങള്‍’ . എന്ന എന്റെ ആദ്യത്തെ സമ്പൂര്‍ണ്ണ കാംപസ് ചിത്രം റിലീസ് ചെയ്തു. അതിനു ഒപ്പം ഭാഗ്യരാജിന്റെ ‘മൗനഗീതങ്ങള്‍ ‘ എന്ന തമിഴ് ചിത്രവും തിയേറ്ററുകളില്‍ എത്തി. വല്ല കാര്യവുമുണ്ടോ ? പ്രേമഗീതനകളും മൗന ഗീതങ്ങളും ഒരുമിച്ചു വന്നപ്പോള്‍ എന്തോ ഒരു ഇത് . അതൊക്കെ ശരി സമ്മതിച്ചു …മോദിക്കും ഇതിനും തമ്മില്‍ എന്ത് ബന്ധം എന്ന് പറ . ”ശടാ…. നിങ്ങള്‍ തോക്കില്‍ കേറി വെടി വെക്കല്ലപ്പാ .. ..ഞാന്‍ പറയാം ‘ ‘എന്നാ പറ ‘.. . 1982 ല്‍ ഞാന്‍ . ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന പേരില്‍ ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന കുറെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരു ചിത്രം പുറത്തിറക്കി . 1986 ആയപ്പോള്‍ ഏതാണ്ട് അതേ പശ്ചാത്തലത്തില്‍ ‘ താളവട്ടം ‘എന്നൊരു സിനിമ പ്രിയന്‍ സംവിധാനം ചെയ്തു .. 1985 ല്‍ ഞാന്‍ കാര്‍ത്തിക എന്ന നടിയെ മലയാളിക്ക് പരിചയപ്പെടുത്തിക്കൊണ്ടു ‘ മണിച്ചെപ്പു തുറന്നപ്പോള്‍ ‘ എന്നൊരു സിനിമ തയ്യാറാക്കി . കാര്‍ത്തികയുടെ ഭര്‍ത്താവായി അഭിനയിക്കേണ്ട വേഷമായിരുന്നു എന്റേത് . 1988 ആയപ്പോള്‍ മോഹന്‍ലാല്‍ ഭര്‍ത്താവായി അഭിനയിച്ചുള്ള ‘ചിത്രം’ പുറത്തു വന്നു . നായിക രഞ്ജിനി .. സംവിധാനം വീണ്ടും പ്രിയന്‍ 1993 ല്‍ ആനിയെ നായികയാക്കിയുള്ള എന്റെ ചിത്രം . ‘അമ്മയാണെ സത്യം ‘ പുറത്തു വന്നു . ആനി ആണ്‍ വേഷത്തില്‍ വന്നു എന്നതായിരുന്നു ആ പ്രേക്ഷകര്‍ ആ പടത്തെ നെഞ്ചിലേറ്റാന്‍ കാരണം . 2005 ആയപ്പോള്‍ ദേണ്ടേ വരുന്നു ‘രസതന്ത്രം ‘എന്ന സത്യന്‍ അന്തിക്കാട് ചിത്രം .ആനിക്കു പകരം മീര ജാസ്മിന്‍ ആണ്‍ വേഷം കെട്ടി പ്രേക്ഷരെ സന്തോഷിപ്പിച്ചു . ‘അമ്മയാണെ സത്യത്തില്‍’ മുകേഷ് ചെയ്തത് മോഹന്‍ലാല്‍ ”രസതന്ത്രത്തില്‍ ‘ വെടിപ്പാക്കി ‘അതൊക്കെ ഞങ്ങള്‍ക്കറിയാവുന്ന കാര്യമാ …ഇനിയെങ്കിലും പറ മോദിക്കിവിടെ എന്താ കാര്യമെന്ന് ? എന്ത് തെറ്റാണ് അദ്ദേഹം നിങ്ങളോടു ചെയ്തത് ? ‘ എന്നതാണെന്നോ ? ഭയങ്കര ‘ചെയ്ത്തല്ലേ’ എനിക്കിട്ടു ചെയ്തത് . ഞാന്‍ ‘filmy FRIDAYS’ എന്ന പേരില്‍ എന്റെ യൂട്യൂബില്‍ ഒരു പുതിയ പ്രോഗ്രാം തുടങ്ങാന്‍ പോവുകയാണ് . എന്റെ ഇന്നിത് വരെയുള്ള സിനിമ ജീവിതത്തിന്റെ ഒരു ദൃശ്യാവിഷ്‌ക്കാരമാണ് സംഗതി പ്രാരംഭ പണികളൊക്കെ കഴിഞ്ഞു .വരുന്ന ഏപ്രില്‍ 12 മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7 മണിക്ക് ഞാന്‍ നിങ്ങളോടൊപ്പമുണ്ടാവും . അപ്പോഴാണ് മോഡി യൂ ട്യൂബ് തുടങ്ങുന്നു എന്ന വാര്‍ത്ത ഞാന്‍ വായിക്കുന്നത് . ഇനി പറ .. ഞാന്‍ ‘ വളവളാ’ പറഞ്ഞോണ്ടിരുന്നതിന്റെ കാരണം ഇപ്പം മനസ്സിലായോ? എന്നാലും പ്രിയപ്പെട്ട മോദി …സിനിമയില്‍ ഈ അനുഭവം ഒരുപാട് എനിക്കുണ്ടായിട്ടുണ്ട് . പക്ഷെ താങ്കളില്‍ നിന്ന് ഇങ്ങനെ ഒന്ന് , അതും ഈ തെരഞ്ഞെടുപ്പുവേളയില്‍, ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല . എനിക്ക് മനസ്സിലാകാത്തത് എന്റെ യുട്യൂബ് കാര്യം ആര് അദ്ദേഹത്തോട് പറഞ്ഞു എന്നാണു . എന്തായാലും ഞാന്‍ പിന്നോട്ടില്ല ഏപ്രില്‍ 12 ന് തന്നെ എന്റെ വള്ളം ഇറക്കും . അല്ലെങ്കിത്തന്നെ എന്റെ ഫേസ്ബുക്ക് മിത്രങ്ങള്‍ ഉള്ളപ്പോള്‍ ഞാന്‍ എന്തിനു മടിക്കണം ? മറക്കല്ലേ ; ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 7 മണി.
.that’s ALL your honour !