നഞ്ചിയമ്മയുടെ ഊരിലേക്കൊരു യാത്ര

പശ്ചാത്തലം അത്ര അനിവാര്യമല്ലാത്ത ചിത്രങ്ങളുമുണ്ടാവാമെങ്കിലും പല ചിത്രങ്ങളേയും അടയാളപ്പെടുത്തുന്നത് സിനിമ നില്‍ക്കുന്നിടത്തെ ഭൂമിക തന്നെയാണ്. അയ്യപ്പനും കോശിയും എന്ന ചിത്രം അട്ടപ്പാടിയേയും അവിടത്തെ ജീവിതത്തെയും അടയാളപ്പെടുത്തി കടന്ന് പോയപ്പോള്‍ ആ ചിത്രത്തിന്റെ ആത്മാവായി മാറുകയായിരുന്നു നഞ്ചിയമ്മയും, നഞ്ചിയമ്മയുടെ താളവും. ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സച്ചി എന്ന സംവിധായകന്‍ അട്ടപ്പാടിയിലെത്തിയപ്പോള്‍ യാദൃശ്ചികമായാണ് നഞ്ചിയമ്മയുടെ താളത്തിലേക്ക് അയ്യപ്പനും കോശിയും വഴിമാറുന്നത്. മണ്ണില്‍ ചവിട്ടിനിന്ന് മണ്ണിന്റെ കഥ പറയുമ്പോള്‍ അവരുടെ വേദനയും താളവും ഇഴപിരിച്ചെടുക്കാനാവാത്ത വിധം നഞ്ചിയമ്മ ചിത്രത്തിലേക്ക് ചേര്‍ത്ത് വെച്ചത് തന്നെയായിരുന്നു ഈ സിനിമയുടെ വിജയരഹസ്യങ്ങളിലൊന്ന്.

കേരളത്തിലെ പ്രേക്ഷകര്‍ ഏറ്റെടുത്ത ഇരുള വിഭാഗത്തിന്റെ ഗോത്ര താളം തേടിയാണ് സെല്ലുലോയ്ഡ് അട്ടപ്പാടിയിലേക്ക് യാത്രയായത്. അയ്യപ്പനും കോശിയും ആദ്യമായി ഏറ്റുമുട്ടിയ ചെക്ക് പോസ്റ്റ് അനുഭവം കേവല അതിശയോക്തിയല്ലെന്ന് പരിശോധന കടന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ ബോധ്യമായി. പഴനിസ്വാമി പറഞ്ഞനുസരിച്ച് രാവിലെ തന്നെ നക്കുപ്പതി ഊരിലെത്തി. നക്കുപ്പതി ഊരില്‍ റോഡിനോട് ചേര്‍ന്ന് തന്നെയുള്ള നഞ്ചിയമ്മയുടെ വീട് കണ്ടു. മകനാണ് ഞങ്ങളോട് അമ്മ മലയില്‍ ഇന്നലെ കൃഷിക്ക് പോയതാണെന്ന് പറഞ്ഞത്. സിനിമയില്‍ പാടി താരമായിട്ടും കൃഷി പന്നി നശിപ്പിക്കാതിരിക്കാന്‍ ഒരു രാത്രി കൃഷിയിടത്തിലെ ചായ്പ്പില്‍ ഉറക്കമിളച്ച് കാവലിരുന്ന് പുലര്‍ച്ചെവീണ്ടും ജോലി തുടങ്ങിയ നഞ്ചിയമ്മയെ അവിടെ വെച്ച് തന്നെ കാണാനായിരുന്നു മലകയറ്റം. നേരെ മലയിലേക്ക് കയറുമ്പോള്‍ തുവരയും, വലിയ പയറും, മുളകുമെല്ലാം നിറഞ്ഞ തോട്ടത്തില്‍ വിളവെടുക്കുന്ന തിരക്കിലായിരുന്നു നഞ്ചിയമ്മ. അതേ വേഷത്തില്‍ നിഷ്‌കളങ്കമായി ചിരിച്ച്‌കൊണ്ട് നഞ്ചിയമ്മ ചോദിച്ചു. ‘എന്തിനാ ഇങ്ങോട്ട് വന്നത്…ഞാന്‍ അങ്ങോട്ട് വരാമെന്ന്’. അല്ല നമുക്കിവിടെ നിന്നും അയ്യപ്പനും കോശിയ്ക്കുമപ്പുറമുള്ള ജീവിതം പറഞ്ഞു തുടങ്ങാമെന്ന് പറഞ്ഞതോടെ, വീണ്ടും നിഷ്‌കളങ്കമായ ചിരി വര്‍ത്തമാനങ്ങളിലേക്ക്…

ഗോത്രതാളത്തിന്റെ അക്ഷയഖനി

ഇരുള വിഭാഗത്തില്‍ നിന്നുള്ള നഞ്ചിയമ്മ ആ ഗോത്രവിഭാഗത്തിന്റെ തനത് പാരമ്പര്യ നാടന്‍ പാട്ടുകളുടെ അക്ഷയഖനിയാണ്. പലതാളങ്ങളും, മന്ത്രങ്ങളുമെല്ലാം ഇരുള വിഭാഗത്തിന്റെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും ഭാഗമാണ്. ലിപിയില്ലാത്ത ഭാഷയാണെങ്കിലും വാമൊഴിയായി കിട്ടിയ ഇരുള ഭാഷയില്‍ പൂര്‍വ്വികര്‍ കൈ മാറിയ പാട്ടുകള്‍ക്ക് പുറമെ നഞ്ചിയമ്മയുടെ പുതിയ പാട്ടു കെട്ടലും കൂടെ ചേര്‍ത്ത് പാരമ്പര്യത്തിന്റെ കണ്ണി മുറിയാതെ കൊണ്ടുപോവുകയാണ് ഈ അമ്മ. ഫോക്ക്‌ലോര്‍ പഠന വിഭാഗവുമായി ബന്ധപ്പെട്ട് ബോംബൈ, ഡല്‍ഹി എന്നിവിടങ്ങളിലുള്‍പ്പെടെ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് നഞ്ചിയമ്മ. പതിനഞ്ച് വര്‍ഷത്തോളമായി ഈ രംഗത്തുള്ള നഞ്ചിയമ്മയെ തിരിച്ചറിയാന്‍ അയ്യപ്പനും കോശിയും വരെ കാത്തിരിക്കേണ്ടി വന്നു. പതിനാല് ജില്ലകളിലും വിവിധ സമയങ്ങളിലായി നഞ്ചിയമ്മ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പഴനിസ്വാമി എന്ന വ്യക്തിയാണ് നഞ്ചിയമ്മയെ നാട്ടിലെ ഒരു പരിപാടിക്കിടെ പാട്ട് പാടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആട്ട കലശംഗ എന്ന സംഘത്തിലേക്ക് കൂടെ കൂട്ടുന്നത്. ആ വ്യക്തി തന്നെയാണ് നഞ്ചിയമ്മയ്ക്ക് അയ്യപ്പനും കോശിയിലേയ്ക്കുമുള്ള വഴി തുറക്കുന്നതും.

അയ്യപ്പനും കോശിയിലെയും ദൈവമകളേ, കലക്കാത്ത ചന്ദനമര, ആതചക്ക തുടങ്ങീ മൂന്ന് താളവും നഞ്ചിയമ്മ സിനിമയ്ക്ക് വേണ്ടി മാത്രമായ് ചെയ്തതാണ്. ഒരു മകളെ അച്ഛനും അമ്മയും കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കി കല്ല്യാണം കഴിപ്പിച്ചയയ്ക്കുന്നു. അതിന് ശേഷം ഒരു മകളെ തന്ന് ആ അമ്മ മരിയ്ക്കുന്നതിന്റെ വേദനയാണ് ദൈവ മകളേ എന്ന ഗാനം പറയുന്നതെന്ന് നഞ്ചിയമ്മ. ചന്ദനമരമെന്ന പാട്ട് കുട്ടികള്‍ക്കുള്ള മുത്തശ്ശിയുടെ താരാട്ട് പാട്ടായാണ് നഞ്ചിയമ്മ ഒരുക്കിയിട്ടുള്ളത്. വിവിധ ദിക്കിലുള്ള മരം പൂത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്ന ഗാനമാണത്. ബിജു മേനോനും പൃഥ്വിരാജും പാടിയ ആതചക്ക എന്ന ഗാനമാകട്ടെ ഒരു കളിയുടെ താളമാണ്. പാട്ടിലൂടെയുള്ള ആ മത്സരം തന്നെയാണ് ഗാനത്തിന്റെ ആവേശവും പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

ആടുകള്‍, പശുക്കള്‍, നഞ്ചിയമ്മയ്‌ക്കൊപ്പം സിനിമയിലഭിനയിച്ച വെള്ളച്ചിയും പപ്പിയുമുള്‍പ്പെടെയുള്ള നായ്ക്കുട്ടികള്‍, കാട്ടുമൃഗങ്ങളോട് മത്സരിച്ചുണ്ടാക്കുന്ന കൃഷി അങ്ങിനെ അട്ടപ്പാടിയിലെ പ്രകൃതിയുടെ താളത്തിന്റെ പേരാണ് നഞ്ചിയമ്മ. ചുരുക്കം സാധനങ്ങളെ കടകളില്‍ നിന്ന് വാങ്ങാറുള്ളൂ, എല്ലാം കൃഷി ചെയ്തുണ്ടാക്കുമെന്ന് നഞ്ചിയമ്മ പറയുമ്പോള്‍ ആത്മവിശ്വാസത്തിന്റെയും അധ്വാനത്തിന്റെയും അഭിമാനം ആ കണ്ണുകളില്‍ തിളങ്ങുന്നത് കാണാം. മൂന്ന് പെണ്‍കുട്ടികളും, മൂന്ന് ആണ്‍കുട്ടികളും പേരമക്കളുമൊക്കെയായി നഞ്ചിയമ്മ സന്തോഷത്തിലാണ്. ആകെയുള്ള വിഷമം വേനലായാല്‍ അട്ടപ്പാടിയില്‍ വെള്ളമില്ലാത്തതാണെന്ന് നഞ്ചിയമ്മ പറയുന്നു. കൃഷിക്ക് കാവലിനായി രാത്രി തീയിട്ട് തോട്ടത്തില്‍ തന്നെയാണ് ഉറക്കം. കാട്ടുപന്നികള്‍ വരുമ്പോള്‍ വെറുതേ തകരത്തിനടിച്ചാല്‍ അവ പോകുമെന്ന് പറഞ്ഞ് നഞ്ചിയമ്മ ചിരിക്കുന്നു. കത്തുന്ന വേനലില്‍ തരിശ്ശായി കൊണ്ടിരിക്കുന്ന മല ചൂണ്ടി നഞ്ചിയമ്മ പറയുന്നു. നനയ്ക്കാന്‍ അല്‍പ്പം വെള്ളം കിട്ടിയാല്‍ ഇതൊക്കെ ഞാന്‍ തോപ്പാക്കുമെന്ന്. അനുഭവത്തിന്റെയും ജീവിതത്തിന്റേയും കരുത്ത് കൊണ്ടാകണം നഞ്ചിയമ്മയുടെ പാട്ടുകള്‍ എളുപ്പത്തിലും ആഴത്തിലും ഹൃദയങ്ങളെ കീഴടക്കുന്നത്. പുതിയ കാലത്തെ കുട്ടികള്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും മറക്കുമ്പോള്‍ ഇത്തരം ഗോത്ര സംസ്‌കൃതിയും മറഞ്ഞ് പോകുന്നുവെന്ന സങ്കടം മാത്രമേയുള്ളൂ നഞ്ചിയമ്മയ്ക്ക്. ഇന്നത്തെ പുതിയ തലമുറ ലിപിയില്ലാത്ത ഇരുള ഭാഷ സംസാരിക്കുന്നത് പോലും കുറഞ്ഞെന്നും നഞ്ചിയമ്മ പറയുന്നു. ‘ഇങ്ങിനെയൊരു ജനത ഇവിടെ ജീവിച്ചിരുന്നുവെന്ന് അടയാളപ്പെടുത്തേണ്ടേ?’ എന്ന ചോദ്യമേ നഞ്ചിയമ്മയ്ക്കുള്ളൂ. അതിനാല്‍ നഞ്ചിയമ്മ ഉറക്കെ പാടി കൊണ്ടേയിരിക്കുന്നു. ഞങ്ങള്‍ നഞ്ചിയമ്മയുടെ ഊരില്‍ നിന്നിറങ്ങുമ്പോഴും അമ്മയെ കാണാനും ചിത്രമെടുക്കാനുമെല്ലാമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തുന്നുണ്ടായിരുന്നു.

നഞ്ചിയമ്മയ്‌ക്കൊപ്പം അട്ടപ്പാടിയില്‍ നിന്നൊരു താരം

അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിരാജിനെ തടഞ്ഞുവെച്ച് ‘ഒന്നുകൂടെ പെടാതെ ഈ അട്ടപ്പാടിയില്‍ നിന്ന് പോവാന്‍ പറ്റിയാ…അത് നിന്റെ ഭാഗ്യാ’ എന്ന് പറയുന്ന എക്‌സൈസ് ഓഫീസര്‍ ഒരു അട്ടപ്പാടിക്കാരനാണ്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന പഴനിസ്വാമിക്ക് കലാപ്രവര്‍ത്തനങ്ങളും സിനിമയുമെല്ലാം അടങ്ങാത്ത താല്‍പര്യമുള്ള വിഷയങ്ങളാണ്. അങ്ങനെയാണ് സിനിമയ്ക്കായി അട്ടപ്പാടിയിലെത്തിയ സച്ചിയ്‌ക്കൊപ്പം ജോലിക്ക് അവധി നല്‍കി പഴനി സ്വാമി കൂടുന്നത്. സിനിമ പഠിയ്ക്കുന്നതിനൊപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ നല്‍കലുമായിരുന്നു പ്രധാനജോലി. അതിനിടെയാണ് നഞ്ചിയമ്മയെ കുറിച്ച് സച്ചിയോട് പഴനിസ്വാമി പറയുന്നത്. ഫീലുള്ളൊരു പാട്ട് ചെയ്യുമോ എന്ന ആവശ്യത്തെ തുടര്‍ന്നാണ് ഈ ഗാനങ്ങളെല്ലാം പിറന്നത്. കൂട്ടത്തില്‍ സിനിമ ഹിറ്റായതോടെ പഴനിസ്വാമിയുടെ ‘ഫൈസല്‍’ എന്ന വേഷവും ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ അട്ടപ്പാടിയില്‍ നിന്നൊരു അഭിനേതാവ് കൂടെ വെള്ളിത്തിരയിലെത്തി. പഴനി സ്വാമിയുടെ പാട്ട് സംഘത്തിലൂടെ 200 ഓളം വേദികളില്‍ നഞ്ചിയമ്മ ഇതിനകം പാടിയിട്ടുണ്ട്. സ്‌കൂളിലിലൊന്നും പോയിട്ടില്ലെങ്കിലും എന്ത് കാര്യവും എളുപ്പം മനസ്സിലാക്കാന്‍ നഞ്ചിയമ്മക്ക് കഴിയുമെന്നും പഴനി സ്വാമി പറയുന്നു. സംഗീത സംവിധായകന്‍ ഗാനം റെക്കോര്‍ഡ് ചെയ്യുമ്പോഴും അതേ അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഫോക്ക്‌ലോറിന്റെ നിധിയാണ് നഞ്ചിയമ്മ. ‘ദൈവ മകളേ’ എന്ന പാട്ട് റെക്കോര്‍ഡ് കഴിഞ്ഞപ്പോള്‍ സ്റ്റുഡിയോയില്‍ എല്ലാവരും കരഞ്ഞ അനുഭവമായിരുന്നു. സച്ചി നഞ്ചിയമ്മയോടുള്ള ഇഷ്ടം കാരണം കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ അമ്മയായി കൊണ്ടുവരികയായിരുന്നുവെന്നും പഴനി സ്വാമി പറഞ്ഞു. അഭിനയിക്കുന്ന സമയത്ത് നഞ്ചിയമ്മ ശരിയ്ക്കും കരഞ്ഞെന്നത് ബിജുമേനോനെ പോലും ഞെട്ടിച്ചു. ജൂനിയര്‍ ആര്‍ടിസ്റ്റുകളായി അട്ടപ്പാടിയിലെ 25 ഓളം കോളനികളില്‍ നിന്നുള്ളവരെ ചിത്രത്തിനായെത്തിച്ചത് പഴനിസ്വാമിയാണ്. പൃഥ്വിരാജിന്റെ ഷര്‍ട്ടില്‍ കയറിപിടിക്കുന്നതുള്‍പ്പെടെയുള്ള രംഗങ്ങളില്‍ പേടിയുണ്ടായെങ്കിലും പൃഥ്വിരാജ് സര്‍ വലിയ രീതിയില്‍ സഹായിച്ചെന്ന് പഴനിസ്വാമി പറയുന്നു. ബിജുമേനോന്‍ സര്‍ ആയാലും സച്ചി സര്‍ ആയാലും നമ്മളെ അഭിനയിപ്പിച്ച് നല്ല നടനാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്തമായിരുന്നതിനാലാണ് നന്നായി ചെയ്യാന്‍ പറ്റിയതെന്നും അദ്ദേഹം പറയുന്നു. നഞ്ചിയമ്മയ്‌ക്കൊപ്പം നല്ല കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പഴിസ്വാമി.