നാദിര്‍ഷ-ദിലീപ് ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രീകരണമാരംഭിച്ചു

ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ ചിത്രം കേശു ഈ വീടിന്റെ നാഥന്‍ ചിത്രീകരണമാരംഭിച്ചു. എടപ്പള്ളി ഹോട്ടല്‍ ഹൈ വേ ഗാര്‍ഡനില്‍ വെച്ച് നടന്ന സ്വിച്ചോണ്‍ ചടങ്ങില്‍ ദിലീപ്, നാദിര്‍ഷ, സ്വാസിക, അനുശ്രീ, എന്നിവര്‍ പങ്കെടുത്തു. മേരാ നാം ഷാജി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ഇതുവരെയുള്ള തന്റെ ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥമായ ഒരു റിയലിസ്റ്റിക് ചിത്രമായിരിക്കും എന്ന് ദിലീപ് നേരത്തെ സെല്ലുലോയ്ഡിനോട് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂരും ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നുണ്ട്.

ചിത്രത്തിനായി ദിലീപ് നടത്താനൊരുങ്ങുന്ന മെയ്ക്കോവര്‍ തന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്. കല്യാണ രാമന്‍, കമ്മാരസംഭവം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപ് പ്രായമേറിയ ഒരു ഗെറ്റപ്പിലെത്തുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ്. നാഥ് ഗ്രൂപ്പിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിന് അനില്‍ നായര്‍ ക്യാമറയും സംവിധായകനായ നാദിര്‍ഷ തന്നെ സംഗീതവും നിര്‍വഹിക്കുന്നു.

വ്യാസന്‍ കെ പിയുടെ സംവിധാനത്തിലൊരുങ്ങിയ ശുഭരാത്രിയിലാണ് ദിലീപും നാദിര്‍ഷയും ഏറ്റവുമൊടുവില്‍ സഹതാരങ്ങളായെത്തിയത്. സിദ്ധിഖും മറ്റൊരു പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച രീതിയില്‍ തിയേറ്ററുകളില്‍ സ്വീകരിക്കപ്പെട്ടിരുന്നു.