‘കൈദി’ ഹിന്ദിയിലേക്ക്, കാര്‍ത്തിക്ക് പകരം അജയ് ദേവ്ഗണ്‍

കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായ ‘കൈദി’ ഹിന്ദിയിലും ഒരുക്കുന്നു. നടന്‍ അജയ് ദേവ്ഗണിനെ ചിത്രത്തിനായി സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ‘കൈദി’യുടെ രണ്ടാംഭാഗം ഉടന്‍ എത്തുമെന്നും സംവിധായകന്‍ ലോകേഷ് കനകരാജ് പ്രഖ്യാപിച്ചിരുന്നു. കൈദി ഒരുക്കിയ അതേ ടീം തന്നെയായിരിക്കും രണ്ടാം ഭാഗത്തിനായി അണിനിരക്കുകയെന്നാണ് സൂചന.

വിജയ്‌യെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ‘ദളപതി 64’ന് ശേഷമായിരിക്കും കൈദിയുടെ രണ്ടാംഭാഗം ഒരുക്കുക. ലോകേഷ് കനകരാജ് തന്നെയാണ് കൈദിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് സാം സി എസ് ആണ്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റേയും വിവേകാനന്ദ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ എസ്.ആര്‍ പ്രകാശ് ബാബു, എസ്.ആര്‍ പ്രഭു, തിരുപ്പൂര്‍ വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.