
ആദ്യ ഭാഗത്തിന്റെ പ്രശസ്തി മാത്രം ഉപയോഗിച്ച് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കുന്ന, ആത്മാർത്ഥതയില്ലാത്ത രണ്ടാം ഭാഗങ്ങൾ (സീക്വലുകൾ) ഒരുക്കുന്നതിനോട് തനിക്ക് താൽപ്പര്യമില്ലെന്ന് പ്രശസ്ത തമിഴ് സംവിധായകൻ മിഷ്കിൻ. തന്റെ പുതിയ ചിത്രമായ ‘ട്രെയിനി’ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ്, 2008-ൽ പുറത്തിറങ്ങി വൻ വിജയം നേടിയ ‘അഞ്ചാതെ’ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്.
തിരക്കഥ പൂർത്തിയായ ശേഷം ആ കഥ ‘അഞ്ചാതെ’യുടെ തുടർച്ചയാണെന്ന് തനിക്ക് ആത്മാർത്ഥമായി തോന്നിയാൽ മാത്രമേ ചിത്രത്തിന് ‘അഞ്ചാതെ 2’ എന്ന് പേരിടുകയുള്ളൂവെന്നും അല്ലെങ്കിൽ മറ്റൊരു പേരായിരിക്കും നൽകുകയെന്നും മിഷ്കിൻ വ്യക്തമാക്കി. ആദ്യ ഭാഗം വിജയിച്ചു എന്നതുകൊണ്ട് മാത്രം രണ്ടാം ഭാഗവും വിജയിക്കണമെന്നില്ല. ജീവിതത്തിന്റെ യൗവനകാലഘട്ടത്തെ പശ്ചാത്തലമാക്കിയുള്ള ഒരു വേറിട്ട ചിത്രമായിരുന്നു ‘അഞ്ചാതെ’. 2026-ലെ ജെൻ സി തലമുറയ്ക്ക് ആ ലോകവുമായി എത്രത്തോളം താദാത്മ്യം പ്രാപിക്കാൻ കഴിയുമെന്ന് തനിക്കറിയില്ലെന്നും, ആത്മാർത്ഥതയുള്ള സിനിമകൾ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിജയ് സേതുപതിയെ നായകനാക്കി മിഷ്കിൻ സംവിധാനം ചെയ്യുന്ന ‘ട്രെയിൻ’ ഡിസംബർ നാലിന് തിയേറ്ററുകളിലെത്തും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന മിഷ്കിൻ ചിത്രമാണിത്.
വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഗീതവും നിർവഹിച്ചിരിക്കുന്നത് മിഷ്കിൻ തന്നെയാണ്. വിജയ് സേതുപതിക്കൊപ്പം നാസർ, ശ്രുതി ഹാസൻ, നരേൻ, കെ.എസ്. രവികുമാർ, സമ്പത്ത് രാജ്, കലയരശൻ, കനിഹ, ജനനി, സിങ്കമ്പുലി, യുഗി സേതു, വിൻസെന്റ് അശോകൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫൗസിയ ഫാത്തിമയാണ് ഛായാഗ്രഹണം, ശ്രീ വാട്സൺ എഡിറ്റിങ്ങും നിർവഹിക്കുന്നു.
മിഷ്ക്കിന്റെ വാക്കുകൾ
“അഞ്ചാതെ ജീവിതത്തിന്റെ യൗവനകാലഘട്ടത്തെ പശ്ചാത്തലമാക്കിയുള്ള വേറിട്ടൊരു ചിത്രമാണ്. 2026ലെ ജെൻ സി തലമുറയ്ക്ക് ആ ലോകവുമായി എത്രത്തോളം താദാത്മ്യം പ്രാപിക്കാനോ ഉൾക്കൊള്ളാനോ കഴിയുമെന്ന് എനിക്കറിയില്ല. ‘അഞ്ചാതെ’ വിജയിച്ചു എന്നതുകൊണ്ട് മാത്രം ‘അഞ്ചാതെ 2’ വിജയിക്കണമെന്നുണ്ടോ? ഇന്ന് ഒരുപാട് രണ്ടാം ഭാഗങ്ങൾ (സീക്വലുകൾ) നിർമിക്കുന്നതായി ഞാൻ കാണുന്നുണ്ട്. അവയിൽ ചിലത് രൂപപ്പെടുത്തുന്ന രീതിയിൽ ഒരുതരം ആത്മാർത്ഥതയില്ലായ്മയുണ്ട്. പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാൻ അവർ ആദ്യ ഭാഗത്തിന്റെ പ്രശസ്തിയെയാണ് ആശ്രയിക്കുന്നത്. എനിക്ക് അങ്ങനെ ചെയ്യാൻ താൽപ്പര്യമില്ല. ആത്മാർത്ഥതയുള്ള എന്തെങ്കിലും ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. തിരക്കഥ എഴുതി പൂർത്തിയാക്കിയ ശേഷം, ഈ കഥ ‘അഞ്ചാതെ’യുടെ അടുത്ത ഭാഗമാണെന്ന് എനിക്ക് ആത്മാർത്ഥമായി തോന്നുകയാണെങ്കിൽ ഞാൻ അതിന് ‘അഞ്ചാതെ 2’ എന്ന് പേരിടും. അല്ലെങ്കിൽ, മറ്റൊരു പേര് നൽകും.”