ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് തന്റെ ഹൃദയം വേദനിക്കുന്നു, സായുധ സേനയിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസം: ജമ്മുകശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൽ അപലപിച്ച് താരങ്ങൾ

','

' ); } ?>

ജമ്മുകശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ മോഹൻലാൽ. ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ലെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

വിനോദ സഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ‘‌പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. അത്തരം ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ല. ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിനുണ്ടായ നഷ്ടം വാക്കുകൾക്ക് അതീതമാണ്. നിങ്ങൾ തനിച്ചല്ലെന്ന് ദയവായി അറിയുക. രാഷ്ട്രം മുഴുവൻ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇരുട്ടിലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്. പരസ്പരം കൈവിടാതെ നമുക്ക് ഒരുമിച്ച് നിൽക്കാം’, മോഹൻലാൽ കുറിച്ചു.

ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രം​ഗത്ത് എത്തിയിരുന്നു. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു.

ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതിനോടകം തന്നെ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് രംഗത്ത് വന്നിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

സംഭവത്തിൽ പ്രതികരിച്ച് മമ്മൂട്ടിയും സുരേഷ്ഗോപിയുമടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. “ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീരുത്വപൂർണ്ണമായ ഭീകരാക്രമണത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുകയും തകർന്നുപോകുകയും ചെയ്യുന്നു. ഈ വിവേകശൂന്യമായ അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളായ ഇരകളുടെ കുടുംബങ്ങൾക്ക് വേണ്ടി എന്റെ ഹൃദയം ദുഃഖിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഒരു പൗരനെന്ന നിലയിൽ, ഈ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുകയും ജമ്മു കശ്മീരിലെ ജനങ്ങളോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ ഹീനകൃത്യത്തിന്റെ കുറ്റവാളികളെ നീതിയുടെ മുന്നിൽ കൊണ്ടുവരണം. മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെ, ഈ നികത്താനാവാത്ത നഷ്ടം നേരിടാൻ കുടുംബങ്ങൾക്ക് ശക്തി ലഭിക്കട്ടെ”.എന്ന് സുരേഷ്‌ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

അക്രമണത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകളും ശ്രദ്ധേയമാണ്. പഹൽഗാം ഭീകരാക്രമണത്തിൽ ഹൃദയം തകർന്നു. ഇത്രയും വലിയ ദുരന്തത്തിന് മുന്നിൽ വാക്കുകൾക്ക് അപ്പുറമാണ്. ദുരിതബാധിത കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ്, ദുഃഖത്തിലും ഐക്യദാർഢ്യത്തിലും ഐക്യപ്പെട്ടിരിക്കുന്നു. നമുക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ഉറപ്പാക്കാൻ നമ്മുടെ സായുധ സേനയിൽ ഞങ്ങൾ പൂർണ്ണ വിശ്വാസമർപ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല.