“സീത യുദ്ധം ചെയ്തതായി വാൽമീകി രാമായണത്തിലില്ല, കളക്ഷനായി പുരാണത്തിൽ വെള്ളം ചേർക്കരുത്”; മുകേഷ് ഖന്ന

','

' ); } ?>

നിതീഷ് തിവാരിയുടെ ബിഗ് ബജറ്റ് ചിത്രം ‘രാമായണ: റൈസ് ഓഫ് എ ലെജൻഡി’ൽ സീതാദേവിയായി വേഷമിട്ട സായ് പല്ലവിയുടെ ആക്ഷൻ രംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നടൻ മുകേഷ് ഖന്ന രംഗത്തെത്തി. ബോക്‌സ് ഓഫീസ് കളക്ഷനുവേണ്ടി നിർമാതാക്കൾ പുരാണത്തിൽ തിരിമറി നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വാൽമീകി രാമായണം വായിച്ചൊരാളാണ് താനെന്നും അതിലൊരിടത്തും സീത യുദ്ധം ചെയ്തതായി പറയുന്നില്ലെന്നും മുകേഷ് ഖന്ന ചൂണ്ടിക്കാട്ടി.

സീതാദേവി രാവണനോട് നേരിട്ട് പോരാടിയ ചരിത്രമില്ലെന്നും, പോരാളിയായിരുന്നുവെങ്കിൽ രാവണന് സീതയെ എളുപ്പത്തിൽ തട്ടിക്കൊണ്ടുപോകാൻ സാധിക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. മറ്റു രാമായണ വകഭേദങ്ങളിൽനിന്നാണ് ഈ ഭാഗത്തിന് പ്രചോദനം ഉൾക്കൊണ്ടതെന്ന നിർമാതാവ് നമിത് മൽഹോത്രയുടെ വിശദീകരണവും അദ്ദേഹം തള്ളി. മഹർഷി വാൽമീകി എഴുതിയ ഒരു രാമായണം മാത്രമേ ഉള്ളൂവെന്നും മറ്റു മതഗ്രന്ഥങ്ങളിൽ നടത്താത്ത ഇത്തരം പരീക്ഷണങ്ങൾ ഹിന്ദു പുരാണങ്ങളിൽ നടത്താൻ തുനിയരുത് എന്നും അദ്ദേഹം തുറന്നടിച്ചു.

4,000 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രത്തിന്റെ മുടക്കുമുതൽ തിരിച്ചുപിടിക്കാൻ പുരാണത്തിൽ വെള്ളം ചേർക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ ഖന്ന, സിനിമാ പ്രൊമോഷണൽ മെറ്റീരിയലുകളും പ്രേക്ഷക പ്രതികരണങ്ങളും കണ്ടാണ് തന്റെ ഈ വിമർശനമെന്നും വ്യക്തമാക്കി. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം കഴിഞ്ഞ നവംബർ 5-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.