ജയസൂര്യയെ നായകനാക്കി സംവിധായകന്‍ പ്രശോഭ് വിജയന്‍ ഒരുക്കിയ ചിത്രമാണ് ‘അന്വേഷണം’. ലില്ലി ഒരുക്കിയ പ്രശോഭ് വിജയന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു മെഡിക്കല്‍ ത്രില്ലര്‍ എന്നതിലുപരി കുടുംബ ബന്ധങ്ങളുടെ ആഴങ്ങളേയും സ്പര്‍ശിക്കുന്ന സിനിമയാണ് അന്വേഷണം. ഒരു കുട്ടിയ്ക്ക് അപകടം സംഭവിക്കുന്നിടത്ത് നിന്നാരംഭിയ്ക്കുന്ന സിനിമ ആശുപത്രിയെ പശ്ചാതലമാക്കി മുന്നോട്ട് നീങ്ങുകയാണ്. കുട്ടിയുടെ മരണ കാരണമന്വേഷിക്കുന്ന ആദ്യ പകുതിയില്‍ പൊലീസ് ചിത്രത്തിന് ത്രില്ലര്‍ സ്വഭാവം നല്‍കിയപ്പോള്‍ രണ്ടാം പകുതി അതിവൈകാരികമായി തന്നെ കുടുംബം എന്ന അര്‍ത്ഥത്തില്‍ ഓരോ പ്രേക്ഷകരേയും ചിത്രം തൊടുന്നുണ്ട്.
എന്താണ് പാരന്റിംഗ് അല്ലെങ്കില്‍ എന്താകണം പാരന്റിംഗ് എന്നെല്ലാം പറഞ്ഞു വെയ്ക്കുന്ന ചിത്രം മെഡിക്കല്‍ രംഗത്തെ അനാസ്ഥകളിലേയ്ക്കും വിരല്‍ ചൂണ്ടുന്നുണ്ട്. നിയമം ഇഴക്കീറി പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തുന്നത് മിടുക്കായിരിയ്ക്കാം. പക്ഷേ മാനുഷികമായ തെറ്റിന് അതിനേക്കാള്‍ വലിയ മാനസിക വേദനയും കുറ്റബോധവും പേറുന്നവര്‍ക്ക് അതില്‍പരം ശിക്ഷയൊന്നും നമുക്കും സമൂഹത്തിനും നല്‍കാനില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടെയാണ് അന്വേഷണം. ഒരു നിമിഷത്തെ അശ്രദ്ധയാലും. അതി വൈകാരികതയാലും നമുക്ക് നഷ്ടപ്പെടുന്നത് ഒരു ആയുസ്സിന്റെ സ്വപ്‌നവും സന്തോവുമാണെന്ന ഉത്തരമാണ് അന്വേഷണത്തിനൊടുവില്‍ കിട്ടുന്ന ഉത്തരം. രക്ഷിതാക്കളോട് ഒരു സന്ദേശം പോലെ നേരിട്ടു പറയാതെ നമ്മുടെ ഉള്ളിലേക്ക് നമ്മള്‍ തന്നെ അന്വേഷണം നടത്താന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ സവിശേഷത.
ജയസൂര്യയുടെ പ്രകടനം മികച്ചതായിരുന്നു. വിജയ് ബാബു, നന്ദു, ശ്രുതി രാമചന്ദ്രന്‍, ലിയോണ ലിഷോയ് ലെന, ലാല്‍ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മാസ്റ്റര്‍ അശ്വതോഷും മകളായി അഭിനയിച്ച ബേബി ജെസ്സും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ചടുലമായ അന്വേഷണ സ്വഭാവത്തിനൊപ്പം കഥ ആവശ്യപ്പെടുന്ന രൂതിയില്‍ സുജിത് വാസുദേവ് ആണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. ഫ്രാന്‍സിസ് തോമസിന്റേതാണ് തിരക്കഥ. രണ്‍ജീത് കമലയും സലില്‍ വിയും ചേര്‍ന്നാണ് അഡീഷണല്‍ സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. അപ്പു ഭട്ടതിരിയാണ് ചിത്രസംയോജനം നിര്‍വ്വഹിച്ചിരിക്കുന്നത്.