ചിരി’മരുന്നു’മായി പ്രേമം ടീം വീണ്ടും

മാക്ക് ആന്‍ഡ് ഡെവിന്‍ വെന്റ് ടു ഹൈസ്‌കൂള്‍, ചീച്ച് ആന്‍ഡ് ചോങ്ങ്, ഗോ ഗോവ ഗോണ്‍, ഇടുക്കി ഗോള്‍ഡ് എന്നിങ്ങനെ മരിജ്വുവാന പശ്ചാത്തലിത്തിലൊരുക്കിയ ഒരുപാട് ചിത്രങ്ങളുണ്ട്. അത്തരമൊരു ജോണറില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി ഒരുക്കിയിരിക്കുന്ന മറിയം വന്ന് വിളക്കൂതി. പ്രേമത്തിലെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോള്‍ ഇത്തവണ അല്‍പം മരുന്നുള്ള ഒരു കഥയുമായിത്തന്നെയാണ് എത്തിയിരിക്കുന്നത്. മറിയം വന്ന് വിളക്കൂതിയുടെ വിശേഷങ്ങളിലേയ്ക്ക്…

പേരിലും പോസ്റ്ററിലും അല്‍പം വ്യത്യസ്ഥതകള്‍ തോന്നുമെങ്കിലും മറിയം വന്ന് വിളക്കൂതി എന്ന ചിത്രത്തില്‍ നിന്നും ഒരു പ്രേക്ഷകന്‍ ഇത്രയൊന്നും പ്രതീക്ഷിച്ച് കാണില്ല. ഡബിള്‍ ബാരല്‍, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങളിലൂടെ മലയാൡപ്രേക്ഷകര്‍ക്ക് പരിചിതമായ ഒരു നീലച്ചടയന്‍ ഹ്യൂമറിന്റെ ‘അനന്ത’ സാധ്യതകളാണ് ജെനിത് തന്റെ ചിത്രത്തിലൂടെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. വിഷ്വല്‍ ട്രീറ്റ്‌മെന്റ് കൊണ്ടും വ്യത്യസ്ഥ മെയ്ക്കിങ്ങ് കൊണ്ടും ജെനിത് ചിത്രത്തില്‍ ഏറെ പരീക്ഷണളും നടത്തിയിട്ടുണ്ട്.

സ്‌കൂള്‍ കാലഘട്ടത്തില്‍ അധ്യാപകരെയും ഹെഡ്മാഷിനെയും പറയിപ്പിച്ച ഒരു നാലംഗ ഗ്യാങ്ങിനെ നമുക്കെല്ലാവര്‍ക്കും പരിചയം കാണും. വര്‍ഷങ്ങള്‍ക്കിപ്പുറം അവരെല്ലാവരും വീണ്ടുമൊന്നിച്ചാല്‍…? അതും ഒരു ഫ്രണ്ടിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ വെച്ച്…? അത്തരമൊരു രാത്രിയുടെ സംഭവ ബഹുലമായ കഥയാണ് മറിയം വന്ന് വിളക്കൂതി എന്ന ചിത്രം പറയുന്നത്.

തീര്‍ത്തും എന്റര്‍റ്റെയ്‌നിങ്ങായ ഒരു ആദ്യ പകുതിയും അല്‍പം ലാഗോടുകൂടിയ ഒരു രണ്ടാം പകുതിയുമാണ് ചിത്രത്തിനുള്ളത്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, ശബരീഷ് എന്നിവരുടെ രസകരമായ കോമ്പോയ്ക്ക് മേമ്പൊടി ചേര്‍ക്കാന്‍ എം എ ഷിയാസിന്റെ അഡ്ഡു, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയായെത്തി ഫുള്‍ ഓണായി നിന്ന അല്‍ത്താഫ് സലീം എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് സാധിച്ചു. സേതുലക്ഷ്മിയമ്മയും തന്റെ മുഴുനീള വേഷത്തെ മനോഹരമായി അവതരിപ്പിച്ചു. കഥാപാത്രങ്ങളുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികളുടെ വേഷങ്ങള്‍ അല്‍പം കൂടി മെച്ചപ്പെടുത്താമായിരുന്നു. അതുപോലെ ക്ലൈമാക്‌സ് രംഗങ്ങളും അല്‍പം ക്രിസ്പാക്കാമായിരുന്നു.

ടെക്‌നിക്കലി അപ്പു ഭട്ടതിരിയുടെ എഡിറ്റിങ്ങ് തന്നെയാണ് ഏറ്റവും എടുത്ത് പറയേണ്ടത്. അതുപോലെ വാസിം മുരളി എന്നിവരുടെ സംഗീതവും
ഷിജിന്‍ മെല്‍വിന്‍ ഹെട്ടണ്‍, ഫസല്‍ എ ബക്കര്‍ എന്നിവരുടെ മിക്‌സിങ്ങും. ഒരു വാച്ചബിള്‍ എന്റര്‍റ്റെയ്‌നറായി, വ്യത്യസ്ഥമായ ഒരു സിനിമാ അനുഭവത്തില്‍ അല്‍പ നേരം മയങ്ങിയിരിക്കാന്‍ നിങ്ങള്‍ക്കു തീര്‍ച്ചയായും ചിത്രത്തിന് വേണ്ടി ടിക്കറ്റെടുക്കാം…