ആദ്യ ഇന്റര്‍നാഷണല്‍ പുരസ്‌കാരവുമായി മൂത്തോന്‍

പാരിസില്‍ നടന്ന ‘ഫെസ്റ്റിവല്‍ ടു ഫിലിം ദി ഏഷ്യ ദി സുദു’ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടി നിവിന്‍ പോളിയുടെ മൂത്തോന്‍. സോഷ്യല്‍ മീഡിയ വഴിയാണ് മൂത്തോന് അവാര്‍ഡ് ലഭിച്ചതായി ചിത്രമൊരുക്കിയ ഗീതു മോഹന്‍ദാസ് അറിയിച്ചത്. ചിത്രത്തിന് ആദ്യമായി ലഭിക്കുന്ന ഒരു അന്തര്‍ദേശീയ പുരസ്‌കാരമാണിത്.

നിവിന്‍ പോളിയും ചിത്രത്തിന് അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ചിട്ടുണ്ട്. ഇതിനു മുന്‍പും നിരവധി ദേശിയ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മുംബൈ ഫിലിം ഫെസ്റ്റിവല്‍, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള തുടങ്ങിയ ചലച്ചിത്രമേളകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

നിവിന്‍ പോളിക്ക് പുറമെ ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു, സുജിത് ശങ്കര്‍, ശോഭിത ധുലിപല, ശശാങ്ക് അറോറ, ജിം സര്‍ഭ്, ഹരീഷ് ഖന്ന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സഹോദരനെ തേടി മുംബൈ നഗരത്തിലെത്തുന്ന ലക്ഷദ്വീപുകാരനായ കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്.