ചിരിക്കാതെ ചിരിപ്പിച്ച ആള്‍

','

' ); } ?>

2000 മുതല്‍ 2008 വരെ ടെലിവിഷനില്‍ ഹ്യൂമര്‍ പ്രോഗ്രാമുകളിലും സീരിയലുകളിലും നിറസാന്നിധ്യമായിരുന്ന മോനിച്ചന്റെ മരണം ഉണ്ടാക്കിയ നടുക്കം പങ്കിടുകയാണ് തിരക്കഥാകൃത്ത് കൃഷ്ണപൂജപ്പുര. 2008 മെയ് 16ന് വാഹനാപകടത്തിലാണ് മോനിച്ചന്‍ മരണപ്പെട്ടത്. ഓര്‍മ്മകുറിപ്പ് താഴെ…

പ്രിയങ്കരന്‍


2008 മെയ് 16.. രാത്രി 12 മണിയോടെ ഫോണ്‍ വരുന്നു. പാതിരാത്രി ഇതാരാണ് എന്ന് സംശയിച്ചു ഫോണ്‍ എടുത്തപ്പോള്‍ കിഷോറാണ് ( സിനിമ സീരിയല്‍ നടന്‍)
‘എന്താ കിഷോറേ? ‘ഞാന്‍ ചോദിച്ചു.
കിഷോറിന് ശബ്ദം പുറത്തു വരാത്ത പോലെ..
‘പോയി ചേട്ടാ…മോനിചേട്ടന്‍ പോയി’
ആകെ ഒരു ഉറക്കപ്പിച്ചു ആയിരുന്നതു കൊണ്ട് കിഷോര്‍ എന്താണ് പറയുന്നതെന്ന് എനിക്ക് വ്യക്തമായില്ല.
‘എന്താണ്..? ‘
‘നമ്മുടെ മോനിചേട്ടന്‍ പോയി’
‘മോനി പോയോ? എന്നുവച്ചാല്‍..? ‘ ആ സമയം ഒരു ഉലച്ചില്‍ എന്നെയും ബാധിച്ചു കഴിഞ്ഞിരുന്നു..
‘ മോനിച്ചേട്ടന്‍ മരിച്ചു.. ആക്‌സിഡന്റ്.. ‘
ലോകം ആകെ ഒന്ന് കറങ്ങി തിരിയും പോലെ തോന്നി.. കിഷോറിന്റെ കരച്ചില്‍ എനിക്ക് കേള്‍ക്കാം.. ഞാന്‍ കസേരയിലേക്ക്
അങ്ങിരുന്നുപോയി .. .. അപ്പോഴതാ ജോബി യുടെയും ഫോണ്‍

ചിരിക്കാതെ ചിരിപ്പിച്ച ആള്‍


2000 മുതല്‍ 2008 വരെ ടെലിവിഷനില്‍ ഹ്യൂമര്‍ പ്രോഗ്രാമുകളിലും സീരിയലുകളിലും നിറസാന്നിധ്യമായിരുന്നു അല്പം കഷണ്ടിയുള്ള ഈ ഇരുനിറക്കാരന്‍.. മോനിലാല്‍.. പലപ്പോഴും മോനിയെ ഒരു ശ്രീനിവാസന്‍ സ്‌കൂളിന്റെ തുടര്‍ച്ചക്കാരന്‍ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.. കണ്ടാല്‍ വലിയ ഗൗരവക്കാരന്‍ ആണെന്ന് തോന്നും.. പക്ഷേ, അടിമുടി കോമഡിയാണ്.. ഇതെവിടുന്നു വരുന്നു ഈ കോമഡി എന്ന് നമ്മള്‍ അന്തം വിടും.. ഇപ്പോള്‍ മോനി ഉണ്ടെങ്കില്‍ കോവിഡ് ആസ്പദമാക്കി ഒരു പ്രോഗ്രാം ചെയ്യുന്നു എന്നിരിക്കട്ടെ. മാസ്‌ക്. ലോക്ക് ഡൗണ്‍.. എന്നിവ വെച്ചിട്ടുള്ള ഒരു ഹ്യൂമര്‍ നമ്മള്‍ സജസ്റ്റ് ചെയ്താല്‍ മോനി പറയും’ ചേട്ടാ.. നമുക്ക് ചരിത്രം പിടിക്കാം.. അലക്‌സാണ്ടറുടെ കാലത്ത് കോവിഡ് ഉണ്ടെന്നിരിക്കട്ടെ.. അലക്‌സാണ്ടറും പടയാളികളും യുദ്ധം ചെയ്യാന്‍ പോവുകയാണ്.. ഒരു ഭടന്‍ കഴിഞ്ഞാല്‍ മൂന്നു മീറ്റര്‍ സാമൂഹ്യ അകലം വിട്ടു അടുത്ത ഭടന്‍.. സൈന്യത്തിന്റെ മുന്‍നിര ആഫ്രിക്കയില്‍ എത്തിയാലും പിന്‍നിര ഗ്രീസില്‍ നിന്ന് പുറപ്പെട്ടു കാണില്ല.. ആ ആംഗിള്‍ പിടിച്ച് നമുക്ക് എപ്പിസോഡ് ഒരുക്കാം..’ അതാണ് മോനി.. നമ്മള്‍ കാണാത്ത ഒരു ആംഗിള്‍ എല്ലാത്തിലും മോനി കാണും..
ഒരു എപ്പിസോഡില്‍ ഞങ്ങള്‍ ചിത്രീകരിച്ചത് ലോകം ചുറ്റാനിറങ്ങിയ കൊളംബസിന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ ആയിരുന്നു.. മോനിയായിരുന്നു കൊളംബസ്. എന്നെക്കൂടി കൊണ്ടു പോയില്ലെങ്കില്‍ നിങ്ങളെ വീട്ടില്‍ നിന്ന് പുറത്ത് ഇറക്കില്ല എന്ന് കൊളംബസിന്റെ ഭാര്യ ഒച്ചപ്പാട് ഉണ്ടാക്കുന്നു.. ഭാര്യയെ മോനി സ്വാധീനിക്കുന്നതിങ്ങിനെയാണ് .. ‘എടീ പത്തഞ്ഞൂറു വര്‍ഷം കഴിഞ്ഞ് അന്നത്തെ എസ്എസ്എല്‍സി പിള്ളേര് എന്നെ കുറിച്ച് പഠിക്കാന്‍ ഉള്ളതാണ്…ഞാന്‍ കാരണം ആ പാവങ്ങള്‍ക്ക് രണ്ടു മാര്‍ക്ക് കിട്ടട്ടടി ഭാര്യേ ‘

നുറുങ്ങുകള്‍


1999അവസാനം സൂര്യ ടിവി ആരംഭിച്ചപ്പോള്‍ അതിലെ ആദ്യ പ്രോഗ്രാമുകളില്‍ ഒന്നായിരുന്നു നുറുങ്ങുകള്‍.(അതിന് മുമ്പ് തോമസ് മാത്യു ഡോക്ടര്‍ക്കൊപ്പം നര്‍മ കൈരളി വേദിയില്‍ പരിചയം തുടങ്ങിയിരുന്നു ). ആ സമയത്ത് കുറച്ചൊന്ന് ശ്രദ്ധേയമായ പരമ്പരയായിരുന്നു. മോനിലാല്‍, ജോബി, പ്രദീപ് പ്രഭാകര്‍, കിഷോര്‍, സുല്‍ഫി എന്നിവര്‍ അഭിനേതാക്കള്‍.. സര്‍ഗോ വിജയരാജ് (ഇപ്പോള്‍ സി കേരളത്തിന്റെ പ്രോഗ്രാം ചീഫ് )ആയിരുന്നു പ്രൊഡ്യൂസര്‍.. ഞാന്‍ തിരക്കഥ. (ആ സമയത്ത് മോനി അന്നത്തെ മന്ത്രി ബേബി ജോണിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു). ഓരോ എപ്പിസോഡ് കഴിയുമ്പോഴും സര്‍ഗോ പറയും ‘ചേട്ടാ ഈ മനുഷ്യന്‍ ഒരു രക്ഷയുമില്ല..’
ക്രമേണ ഞങ്ങള്‍ തമ്മില്‍ സഹോദരതുല്യമായ ഒരു ബന്ധം രൂപപ്പെടുകയായിരുന്നു.പ്രദീപിനും ജോബിക്കും കിഷോറിനുമൊക്ക മോനി സ്വന്തം കൂടപ്പിറപ്പു തന്നെ ആയിരുന്നു (ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു മോനിക്ക്.. എല്ലാപേരുമായും ഹൃദ്യമായ ബന്ധവുമായിരുന്നു )ജനകീയം ജാനകി.. മാന്യമഹാ ജനങ്ങളെ.. മഹാത്മാ ഗാന്ധി കോളനി.. ഊമക്കുയില്‍.. സതി ലീലാവതി.. ഇന്ദുമുഖി ചന്ദ്രമതി.. മറുമരുന്ന് തുടങ്ങി എത്രയോ പരമ്പരകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു..

പുഷ്പന്‍


ഇന്ദുമുഖി ചന്ദ്രമതി യിലെ പുഷ്പന്‍ എന്ന കഥാപാത്രം ആ സമയത്തെ ജനപ്രിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു.. മല്ലിക ചേച്ചി( മല്ലികാ സുകുമാരന്‍) അവതരിപ്പിച്ച ചന്ദ്രമതിയുടെ വിശ്വസ്ത സേവകനായി ‘കൊച്ചമ്മാ.. കൊച്ചമ്മ ഒരു പ്രസ്ഥാനമാണ്’
എന്നുള്ള ഒരു പ്രത്യേക ടോണിലെ മോനിയുടെ ഡയലോഗ് ഹിറ്റായിരുന്നു ..മല്ലിക ചേച്ചിക്കും കൂടപ്പിറപ്പായിരുന്നു മോനി.. മറ്റനേകം പരമ്പരകളിലും മോനി അഭിനയിച്ചു.. ഇന്ദുമുഖി ചന്ദ്രമതിയുടെ മുംബൈ.. ദുബായ് ഷോകളില്‍ മോനി തകര്‍ത്തു വാരി.

മരണം


ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കയറി വരും.. പ്രതീക്ഷിക്കാതെ വിട്ടു പൊക്കളയുകയും ചെയ്യും.. ചെറിയ പ്രായത്തിലാണ് മോനി പോയത്..പ്രതിഭകള്‍ പലരും അങ്ങിനെയാണ്.. കവി ജോണ്‍ കീറ്റ്‌സ് 25 വയസ്സില്‍.. ചങ്ങമ്പുഴ 38ല്‍.. ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗ് 37ല്‍.. ഷെല്ലി 30ല്‍.
ഭഗത്‌സിംഗ് 24ല്‍… എങ്ങനെ മരിച്ചെന്നല്ല
എങ്ങനെ എങ്ങനെ ജീവിച്ചു എന്ന് നോക്കി ആണല്ലോ കാലം വില ഇടുന്നത്.. നിരവധി കോമഡി ആര്‍ട്ടിസ്റ്റുകള്‍ കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ അകാലത്തില്‍ വിട്ടു പോയി.. ഏവര്‍ക്കും സ്മരണാഞ്ജലി

സിനിമ


മോനി മരണപ്പെട്ട അടുത്ത വര്‍ഷങ്ങളിലാണ് ഞാനും സജി സുരേന്ദ്രനും രാധാകൃഷ്ണന്‍ മംഗലത്തും ഒക്കെ സിനിമയിലേക്ക് പ്രവേശിക്കുന്നത്..സജിയും ഞാനും ഒന്നിച്ച ‘ഇവര്‍ വിവാഹിതരായാ’ലില്‍ ഞങ്ങള്‍ മോനിക്ക് ആദരീ അര്‍പ്പിച്ചു .. രാധാകൃഷ്ണന്‍ മംഗലത്തുമൊത്തു ചെയ്ത ‘സകുടുംബം ശ്യാമള’യില്‍ മോനിയുടെ ചിത്രം ചൂണ്ടി സുരാജ് വെഞ്ഞാറമൂട് മോനിച്ചന്‍ എന്നു പരാമര്‍ശിക്കുന്നുണ്ട് (നേരത്തെ ചില ചിത്രങ്ങളില്‍ മോനി അഭിനയിച്ചിരുന്നു.. ഫാന്റം.. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക.. )
മോനിയും രാധാകൃഷ്ണന്‍ മംഗലത്തും നിര്‍മാതാവ് അരുണ്‍പിള്ളയും പിന്നെ ഞാനും കുടുംബ സമേതം ദിവസങ്ങള്‍ നീണ്ട ഒരു യാത്ര നടത്തി.. മോനി സിനിമയിലും സീരിയലിലും ചിരിപ്പിച്ചതിനേക്കാള്‍ അന്ന് ഞങ്ങളെ ചിരിപ്പിച്ചു.. മോനിയുടെ വാഹനത്തില്‍ കയറാന്‍ ആയിരുന്നു ഞങ്ങളുടെ മത്സരം.
എത്ര നല്ല ഗൃഹനാഥനും കൂടിയായിരുന്നു ഈ കലാകാരന്‍. ബിനിയുടെയും മക്കള്‍ അപ്പുവിന്റെയും ഗായത്രിയുടെയും ചിരി മോനി ആയിരുന്നു
2008 ഈ ദിവസം രാത്രി 9.30 നു തിരുവനന്തപുരത്തു, കഴക്കൂട്ടത്തിനും കാര്യവട്ടത്തിനും ഇടയില്‍ ബൈക്ക് ആക്‌സിഡന്റ്.. ചിരി അവസാനിപ്പിച്ചു മോനി പോയി..