എന്റെ തൊലി കറുത്തതാണെങ്കിലും മനസ്സ് വെളുത്തിട്ടാണ്…

ആരോഗ്യം മാസികയുടെ കവര്‍ ചിത്രമായതോടെ നടി മോളി കണ്ണമ്മാലി വൈറലായി. ശ്യാം ബാബു എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രത്തിന് പിന്നില്‍. ചാള മേരി എന്ന പേര് മാറിയെന്ന സന്തോഷം പങ്കുവെച്ച് കൊണ്ടാണ് മോളി കണ്ണമാലി ചാനല്‍ ചര്‍ച്ചയിലെത്തിയത്. വിദേശങ്ങളില്‍ വരെ സാരിയുടുത്ത് പോയ തന്റെ രൂപമാറ്റം അപ്രതീക്ഷിതമായ് സംഭവിച്ചതിന് പിന്നിലെ ക്രഡിറ്റ് ഫോട്ടോഗ്രാഫര്‍ക്കാണ് താരം നല്‍കുന്നത്. ആകെ മോളി കണ്ണമാലി ഷെര്‍ലക്ക് ടോംസില്‍ മാത്രമാണ് അല്‍പ്പം മോഡേണായി വസ്ത്രം ധരിച്ചത്.
തനിക്ക് ഫോട്ടോഷൂട്ട് തന്നെയെന്താണെന്ന് അറിയില്ലെന്നും, ചിത്രമെടുക്കാനെത്തിയപ്പോഴാണ് കോസ്റ്റിയൂം കണ്ടതെന്നും മോളി പറഞ്ഞു. വയസ്സാംകാലത്താണോ ഈ ഡ്രസ്സെന്ന് ചോദിച്ചെന്നും താരം. താരത്തിന്റെ വാക്കുകളിലൂടെ… ‘കണ്ണില്‍ ലെന്‍സെല്ലാം വെച്ചത് ആദ്യമായാണ്. പിന്നെ മുടി. അത് എന്റെ സ്വന്തം മുടി തന്നെ. അവര്‍ സ്‌റ്റൈല്‍ ചെയ്തതാണ്. എനിക്ക് നല്ല കട്ടിയുള്ള മുടിയുണ്ടായിരുന്നു. രണ്ട് അറ്റാക്ക് ഒക്കെ കഴിഞ്ഞതോട് കൂടിയാണ് മുടിയൊക്കെ കൊഴിഞ്ഞു പോയത്. നിറത്തിനെക്കുറിച്ചാണ് മാസികയില്‍ പറയുന്നത്. നമ്മുടെ തൊലിയുടെ നിറം ദൈവം തന്നതല്ലേ. അതിലിപ്പോള്‍ വിഷമിച്ചിട്ടോ സന്തോഷിച്ചിട്ടോ കാര്യമില്ല. എന്റെ തൊലി കറുത്തതാണെങ്കിലും മനസ്സ് വെളുത്തിട്ടാണ്. ആരെങ്കിലും പരിഹസിച്ചാല്‍ ഞാന്‍ നല്ലത് തിരിച്ച് പറയും’. മോളി ചേച്ചി പറയുന്നു.