അമ്മ അംഗങ്ങളെ ശബ്ദസന്ദേശത്തിലൂടെ മോഹന്‍ലാല്‍ അഭിസംബോധന ചെയ്തു

കൊറോണ പ്രതിസന്ധി തീര്‍ത്ത സാഹചര്യത്തില്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ അംഗങ്ങളെ പ്രസിഡന്റ് മോഹന്‍ലാല്‍ ശബ്ദസന്ദേശത്തിലൂടെ നേരില്‍ ബന്ധപ്പെട്ടു. അംഗങ്ങളുടെ ഇപ്പോഴത്തെ വിശേഷങ്ങള്‍ ചോദിച്ചുകൊണ്ടും, സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ പൂര്‍ണമായും സഹകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടു അനുഭവപ്പെടുന്ന അംഗങ്ങള്‍ സ്വയം അത്യാവശ്യം അറിയിക്കുന്ന പക്ഷം സാമ്പത്തികമായി ഉടന്‍ സഹായിക്കുവാന്‍ സംഘടന തെയ്യാറാണെന്നും ഈ ശബ്ദസന്ദേശത്തിലൂടെ ലാല്‍ അറിയിക്കുന്നുണ്ട്.

501 അംഗങ്ങളുള്ള ‘അമ്മ’യില്‍ ഇന്‍ഷുറന്‍സ് പരിരക്ഷകളടക്കം നിരവധി ആനുകൂല്യങ്ങള്‍ അംഗങ്ങള്‍ക്ക് വേണ്ടി നടപ്പില്‍ ഉള്ളപ്പോള്‍ തന്നെ 1995 മുതല്‍ നടപ്പില്‍ വരുത്തിയ ‘കൈനീട്ടം’ പദ്ധതിയിലൂടെ, ഇപ്പോള്‍ 138 പേര്‍ക്ക് എല്ലാ മാസവും 5000 രുപ വെച്ച് സഹായധനമായി നല്‍കി വരുന്നുണ്ട്. തനിക്ക് സഹായം ആവശ്യമാണോ അല്ല തന്നേക്കാള്‍ അര്‍ഹതപ്പെട്ടവരുണ്ടോ എന്ന് സ്വയം വിലയിരുത്തി വേണം സഹായമാവശ്യപ്പെടാനെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണായുംെ പാലിക്കണമെന്നും സന്ദേശത്തില്‍ പറഞ്ഞുവെയ്ക്കുന്നു.