
മോഹൻലാലിന്റെ ശക്തമായൊരു തിരിച്ചു വരവിനു സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2025 . അയാളുടെ കാലം കഴിഞ്ഞെന്ന് പരിഹസിച്ചവർക്കെല്ലാം തുടരെ തുടരെ വിജയങ്ങൾ നൽകിയാണ് അദ്ദേഹം മറുപടി നൽകിയത്. തുടർച്ചയായ നാല് ചിത്രങ്ങളിലൂടെ 250 കോടിയോളം കേരള ബോക്സ് ഓഫീസിൽ നിന്നും നേടിക്കൊണ്ട്, ‘ലാലേട്ടൻ’ വീണ്ടും തന്റെ സ്റ്റാർഡത്തിന്റെ തെളിവ് എഴുതി.
വർഷത്തിന്റെ തുടക്കത്തിൽ റിലീസ് ആയ ‘എമ്പുരാൻ’, മോഹൻലാലിന്റെ കരിയറിലെ വമ്പൻ നേട്ടമായി മാറി. കേരളത്തിൽ നിന്ന് മാത്രം 86 കോടി രൂപ നേടിയ ചിത്രം, ആഗോളതലത്തിൽ 325 കോടിയെന്ന ഭീമൻ കളക്ഷനോടെ ചരിത്രം കുറിച്ചു. പ്രേക്ഷകർ മാത്രമല്ല, വിമർശകരും ചിത്രം ഏറ്റെടുത്തു. ത്രില്ലറിന്റെയും ഇമോഷണലിന്റെയും മികച്ച കലവറയായ ഈ ചിത്രം, 2025-ൽ മലയാള സിനിമയുടെ ഗ്ലോബൽ പ്രതിനിധിയായി മാറി.
തൊട്ടുപിന്നാലെയെത്തിയ ‘തുടരും’, മോഹൻലാലിനെ വീണ്ടും 200 കോടി ക്ലബ്ബിലേക്ക് എത്തിച്ചു. കേരളത്തിൽ മാത്രം 118 കോടിയുടെ കളക്ഷൻ നേടിയ ചിത്രം, കഥാപരവും പ്രേക്ഷകപ്രീതിപരവുമായ നേട്ടം കൈവരിച്ചു. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനവും, കെ.ആര്‍. സുനിലിന്റെ കഥയും ചേർന്ന് ഒരുക്കിയ സിനിമയിൽ, പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും വലിയ പ്രശംസ ലഭിച്ചു. ഒടിടിയിലേക്കെത്തിയതോടെ, വിവിധ ഭാഷകളിലും സിനിമ വലിയ പ്രേക്ഷകശ്രദ്ധ നേടി.
തുടർന്ന് 2007-ലെ ബ്ലോക്ക്ബസ്റ്റർ ‘ഛോട്ടാ മുംബൈ’, 2025-ൽ 4കെ ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയോടെ വീണ്ടും തിയേറ്ററിലെത്തിയപ്പോൾ, പ്രേക്ഷകർക്ക് പഴയ ഓർമ്മകൾ പുതുക്കി. കേരളത്തിൽ 3.61 കോടി രൂപയുടെ കളക്ഷൻ നേടി, റീ റിലീസിനുള്ള പ്രേക്ഷക പിന്തുണ എത്രത്തോളം ശക്തമാണെന്ന് തെളിയിച്ചു. ചിത്രത്തിലെ ഗാനങ്ങൾക്കൊപ്പം പ്രേക്ഷകർ തിയേറ്ററുകളിൽ ആഘോഷം നടത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഏറ്റവും ഒടുവിൽ എത്തിയ ‘ഹൃദയപൂർവ്വം’, മോഹൻലാലിന്റെ വൈവിധ്യമാർന്ന അഭിനയ പ്രതിഭ വീണ്ടും തെളിയിച്ച സിനിമയായി. കേരളത്തിൽ നിന്ന് മാത്രം 41 കോടിയും, ആഗോളതലത്തിൽ 60 കോടിയിലധികവും നേടിയ ചിത്രം, കുടുംബപ്രേക്ഷകർ ഏറ്റെടുത്തു. ഹൃദയസ്പർശിയായ കഥയും, മോഹൻലാലിന്റെ ഹൃദ്യമായ അവതരണവും സിനിമയ്ക്ക് വലിയ കരുത്തായി.
ഈ നാല് ചിത്രങ്ങളിലൂടെയാണ് മോഹൻലാൽ 2025-ൽ കേരള ബോക്സ് ഓഫീസിൽ മാത്രം 250 കോടി രൂപയുടെ നേട്ടം സ്വന്തമാക്കിയത്. എമ്പുരാൻ–86 കോടി, തുടരും–118 കോടി, ഛോട്ടാ മുംബൈ (റീ റിലീസ്)–3.61 കോടി, ഹൃദയപൂർവ്വം–41 കോടി എന്നിങ്ങനെയാണ് അക്കൗണ്ടിംഗ്.