
സോഷ്യൽ മീഡിയയിൽ വൈറലായി നടൻ മോഹൻലാലിന്റെ ഗാനം. തുടരും എന്ന ചിത്രത്തിലെ ‘കൺമണി പൂവേ’ എന്ന ഗാനമാണ് മോഹൻലാൽ തന്റെ ആരാധകർക്കായി പാടിയത്. ഖത്തറിൽ നടന്ന പരിപാടിയിൽ മോഹൻലാൽ പാടുന്നതിനൊപ്പം ആരാധകരും ഗാനം ഏറ്റുപാടുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
നിരവധിപേരാണ് വീഡിയോക്ക് താഴെ മോഹൻലാലിനെ അഭിനന്ദിച്ചും ആശംസകൾ നേർന്നും എത്തിയിരിക്കുന്നത്. ‘എന്തൊരു ചേലാണ് ലാലേട്ടാ’, ‘പുള്ളി പണ്ടേ പറഞ്ഞിട്ടുണ്ട് ഒരറ്റത്ത് നിന്ന് കത്തിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല എന്ന്’, ‘അദ്ദേഹം ആറാടുകയാണ്’, ”ഇത് അയാളുടെ കാലമല്ലേ’, എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാവുന്ന കമന്റുകൾ.
2025 മോഹൻലാലിന്റെ ഭാഗ്യവർഷം തന്നെയായിരുന്നു. എമ്പുരാൻ, തുടരും, ഹൃദയപൂർവം എന്നീ ചിത്രങ്ങൾ വലിയ വിജയമായി. ഛോട്ടാ മുംബൈ, രാവണപ്രഭു എന്നീ റീ റിലീസുകളും തിയേറ്ററിൽ ആളെക്കൂട്ടി. കന്നഡ സംവിധായകന് നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച വൃഷഭയാണ് മോഹൻലാലിന്റേതായി അടുത്തതായി തിയേറ്ററിലെത്താനിരിക്കുന്ന ചിത്രം. കൂടാതെ ഒരു ഡസനോളം മോഹൻലാൽ ചിത്രങ്ങൾ പ്രദർശനത്തിനൊരുങ്ങുന്നുമുണ്ട്.
‘ഗുരു, ഉദയനാണ് താരം, സമ്മർ ഇൻ ബത്ലഹേം, നരൻ, തേന്മാവിൻ കൊമ്പത്ത്’ എന്നീ ചിത്രങ്ങളുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ റൺ ബേബി റൺ, ഹാലോ, കാലാപാനി, ആറാം തമ്പുരാൻ, ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കാക്കക്കുയിൽ, ഉസ്താദ് ഈ സിനിമകളും ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.