
അമ്മ ശാന്തകുമാരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയവർക്ക് നന്ദി അറിയിച്ച് നടൻ മോഹൻലാൽ. “ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന പ്രിയപ്പെട്ട അമ്മ വിഷ്‌ണുപാദം പൂകി” എന്ന് മോഹൻലാൽ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘എന്നെ ഞാനാക്കിയ, എൻ്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്‌ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങൾ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന..’ മോഹൻലാൽ കുറിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു മോഹൻലാലിന്റെ ‘അമ്മ ശാന്തകുമാരി അമ്മയുടെ മരണം. 90 വയസ്സായിരുന്നു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് പത്ത് വർഷമായി ചികിത്സയിലായിരുന്നു. അമ്മയുമായി അതീവ ഹൃദയബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, തിരക്കുകൾക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവെക്കാൻ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹൻലാൽ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടൻ ആദ്യം സന്ദർശിച്ചതും അമ്മയെ ആയിരുന്നു.