കർണാടകയിലും “മോഹൻലാൽ തരംഗം”; ഒരാഴ്ച കൊണ്ട് റെക്കോർഡ് ഇട്ട് ദൃശ്യം 3

','

' ); } ?>

കർണാടകയിൽ റെക്കോർഡ് ഇട്ട് മോഹൻലാൽ ചിത്രം ദൃശ്യം 3. ഒരാഴ്ച കൊണ്ട് മാത്രം കന്നഡ പതിപ്പ് നേടിയത് 1.18 കോടിയോളമാണ്. ഇത് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്‍റെ കന്നഡ പതിപ്പ് ഒരു കോടിക്ക് മുകളില്‍ ​ഗ്രോസ് നേടുന്നത്. മറ്റ് ഭാഷാ ചിത്രങ്ങളും പരി​ഗണിക്കുമ്പോള്‍ കന്നഡ പതിപ്പ് 1 കോടിക്ക് മുകളില്‍ ​ഗ്രോസ് നേടുന്നത് ഇത് 15-ാം തവണയും. പ്രമുഖ ട്രാക്കർമാരായ കര്‍ണാടക ടാക്കീസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചിത്രം കര്‍ണാടകത്തില്‍ നിന്ന് വിവിധ ഭാഷാ പതിപ്പുകളിലൂടെ ഇതുവരെ നേടിയത് 12.31 കോടിയാണ്. കര്‍ണാടകത്തില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച നാലാമത്തെ കളക്ഷന്‍ ആണിത്. 15.83 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ലോകയും (14.80 കോടി) മൂന്നാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ തന്നെ എമ്പുരാനും (12.70 കോടി) ആണ്. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില്‍ ദൃശ്യം 3 പ്രദര്‍ശിപ്പിക്കുന്നത്. ഈ ഫോമിൽ തുടരുകയാണെങ്കിൽ 300 കോടി ക്ലബ്ബിലും ദൃശ്യം 3 ഇടം നേടുമെന്നാണ് കണക്ക് കൂട്ടൽ.

അതേ സമയം കേരളത്തിൽ ചിത്രം വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. വിദേശത്ത് നിന്ന് മാത്രം 103 കോടിയും ദൃശ്യം 3 നേടിയെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്.

മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര്‍ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഇക്കുറിയും ജോർജുകുട്ടിക്ക് തന്നെയാ ആരാധകർ ഏറെ.

സിനിമ മേക്കിങ്ങിനും കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. പ്രേക്ഷകനെ ഞെട്ടിക്കുന്ന സസ്പെൻസുകൾ കൊണ്ട് സമ്പന്നമാണ് ദൃശ്യം 3 എന്നാണ് അഭിപ്രായം. മോഹൻലാലിൻറെ അടുത്ത ബ്ലോക്ക് ബസ്റ്റർ ചിത്രമാകും ദൃശ്യം 3 എന്നാണ് വിലയിരുത്തൽ. മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ബെഞ്ച്മാര്‍ക്ക് നല്‍കിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’.

ജോര്‍ജ്കുട്ടിയും കുടുംബവും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉള്‍പ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.