“ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഷോകൾ ചെയ്തിട്ടുള്ള ഒരു ആക്ടർ ഞാനായിരിക്കും, ആളുകൾ എന്റെ ഷോയിൽ കിടന്നുറങ്ങിപ്പോയിട്ടുണ്ട്”; മോഹൻലാൽ

','

' ); } ?>

ഏതൊരു വലിയ വേദിയായാലും ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചുകൊണ്ടാണ് താൻ സ്റ്റേജിലേക്ക് പ്രവേശിക്കാറുള്ളതെന്ന് നടൻ മോഹൻലാൽ. സിനിമയിൽ നിന്ന് വ്യത്യസ്തമായി തത്സമയ പ്രകടനങ്ങളിൽ പ്രേക്ഷകരുടെ പ്രതികരണം അപ്പോൾത്തന്നെ അറിയാൻ സാധിക്കും. അത് നൽകുന്ന ഒരു പ്രത്യേക അനുഭൂതിയുണ്ട്. എങ്കിലും എല്ലാ പരിപാടികളും എപ്പോഴും ഒരേപോലെ വിജയകരമാകണമെന്നില്ല. തന്റെ കരിയറിലെ രസകരമായൊരു ഓർമ്മ പങ്കുവെച്ചുകൊണ്ട്, മുൻപ് താൻ പങ്കെടുത്ത ഒരു ലൈവ് ഷോയ്ക്കിടെ കാണികളിൽ ചിലർ ഉറങ്ങിപ്പോയ സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. റിപ്പോർട്ടർ ടീവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സ്റ്റേജിൽ പെർഫോം ചെയ്യുന്നതാണ് ഏറ്റവും ടെൻഷൻ ഉണ്ടാക്കുന്ന കാര്യം. കാരണം ഒരുപാട് ഗാഡ്ജറ്റുകളിൽ അല്ലേ വർക്ക് ചെയ്യുന്നത്. ഞാൻ സംസ്കൃത നാടകങ്ങൾ ചെയ്തിട്ടുണ്ട്, ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഷോകൾ ചെയ്തിട്ടുള്ള ഒരു ആക്ടർ ഞാനായിരിക്കും. സിനിമ പോലെ തന്നെയാണ് അവിടെ കയറുമ്പോൾ ‘ദൈവമേ’ എന്ന് വിളിച്ചിട്ടാണ് കയറുന്നത്. ഒരു വിശ്വാസത്തിന്റെ പുറത്താണ് ചെയ്യുക.” മോഹൻലാൽ പറഞ്ഞു.

“പല കുഴപ്പങ്ങളും വരാം. അതൊരു ഭയങ്കര കിക്ക് തരുന്ന സംഭവം തന്നെയാണ്. മീനയൊക്കെ ഒരുപാട് ഷോസ് എന്റെ കൂടെ ചെയ്തിട്ടുണ്ട്. പിൽക്കാലത്ത് അതെല്ലാം ആലോചിക്കുമ്പോൾ ഭയങ്കര തമാശയായി തോന്നും. ചില ആളുകൾ നമ്മുടെ ഷോയിൽ കിടന്നുറങ്ങിപ്പോയിട്ടുണ്ട്. അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. പണ്ടൊക്കെ ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ഒരുപാട് തെറ്റുകളും പറ്റിയിട്ടുണ്ട്.” മോഹൻലാൽ കൂട്ടിച്ചേർത്തു.

അതേസമയം, ദൃശ്യം 3 മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടുന്നത്. മെയ് 21ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ 50 കോടിയ്ക്കടുത്ത് കളക്ഷൻ നേടിയിരുന്നു. ചിത്രം വൈകാതെ തന്നെ പല കളക്ഷൻ റെക്കോർഡുകളും മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നാലാം ഭാഗത്തിനുള്ള സാധ്യതകളും തുറന്നുവെക്കുന്നുണ്ട്.