
ദൃശ്യത്തിലെ ജോർജുക്കുട്ടിയുടെ വേഷത്തിൽ തൃപ്പൂണിത്തുറ ഭവൻസ് വിദ്യാ മന്ദിർ സ്കൂളിലെത്തി നടൻ മോഹൻലാൽ. ദൃശ്യം 3 യുടെ ചിത്രീകരണത്തിന് വേണ്ടിയിട്ടാണ് മോഹൻലാൽ സ്കൂളിലെത്തിയത്. സ്കൂളിലെത്തിയ മോഹൻലാലിനെ ആവേശത്തോടെ സ്വീകരിക്കുന്ന കുട്ടികളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മോഹൻലാലിനെ കണ്ടതും കുട്ടികൾ എല്ലാവരും ആവേശത്തിലായി ലാലേട്ടാ എന്ന് വിളിക്കാൻ തുടങ്ങി. കുട്ടികളുടെ സ്നേഹത്തിന് മുൻപിൽ കൈ കൂപ്പി എല്ലാവരോടും സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. ‘തലമുറകളുടെ നായകൻ’, ‘പിള്ളേരുടെ സ്പിരിറ്റ് കണ്ടില്ലേ’, ‘കൊച്ചുകുട്ടികൾ പോലും അദ്ദേഹത്തെ ലാലേട്ടാ എന്ന് വിളിക്കുന്നു’, ‘ജെൻ സി…ആൽഫ എല്ലാവരും ഏട്ടൻ തൂക്കി’, എന്നിങ്ങനെയാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ.
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. ജോർജുക്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമയ്ക്ക് ഉണ്ടായി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂര് ആണ് നിർമിക്കുന്നത്.
വാഗമൺ മേഖലകളിലും ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജുക്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങൾ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.