ബിഗ് ബ്രദറായി മോഹന്‍ലാല്‍-കിടിലന്‍ ട്രെയിലര്‍ കാണാം..

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഒരു മാസ് ചിത്രമാണ് ബിഗ് ബ്രദര്‍. 32 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്. മൂന്ന് നായികമാരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബിഗ് ബ്രദര്‍. തെന്നിന്ത്യന്‍ നടി റജീന, സത്‌ന ടൈറ്റസ്, ഹണി റോസ്‌,ജനാര്‍ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരും അഭിനയിക്കുന്നു. സിനിമയുടെ കഥ നടക്കുന്നത് ബംഗളൂരുവിലാണ്. ബംഗളൂരുവാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. സംഗീതം ദീപക് ദേവ്. ഗാനരചന റഫീഖ് അഹമ്മദ്. ജനുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.