വടികുത്തി ഒരു തീര്‍ത്ഥാടകനായി മോഹന്‍ലാല്‍

mohanlal latest news today

മമ്മൂട്ടിയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ശ്രീകാന്ത് കോട്ടക്കലാണ് താന്‍ മോഹന്‍ലാലുമൊന്നിച്ച് നടത്തിയ ഭൂട്ടാന്‍ യാത്രയുടെ വീഡിയോ പങ്കുവെച്ചത്. ഒടിയന് മുന്‍പുള്ള യാത്രയെ കുറിച്ച് ശ്രീകാന്ത് എഴുതിയ കുറിപ്പ് താഴെ…

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.ഒടിയന്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന്റെ തൊട്ട്മുന്‍പ്.ആറ് ദിവസത്തെ ഇടവേളയുണ്ടായിരുന്നു മോഹന്‍ലാലിന്.എങ്ങോട്ടെങ്കിലും ഒരു യാത്രപോവാം എന്നൊരു തോന്നല്‍ വന്നപ്പോള്‍ ആദ്യം നാവില്‍ വന്ന സ്ഥലം ഭൂട്ടാനായിരുന്നു.ഇന്ത്യ സ്നേഹപൂര്‍വ്വം ചേര്‍ത്തുപിടിച്ചിരിക്കുന്ന ഹിമാലയന്‍ ബൗദ്ധ രാജ്യം.കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്കും അവിടെനിന്നും ഭൂട്ടാനിലെ പാരോയിലേയ്ക്കും പറന്നു.അഞ്ച് ദിവസത്തോളം ആ കുഞ്ഞുരാജ്യത്തിന്റെ കയറ്റിറക്കങ്ങളിലൂടെ ഞങ്ങള്‍ അലഞ്ഞുനടന്നു.തിരിച്ചറിയപ്പെടാതെ അജ്ഞാതനായി റോഡിലൂടെയും മാര്‍ക്കറ്റുകളിലൂടെയും ബൗദ്ധവിഹാരങ്ങളിലൂടെയും അലഞ്ഞുനടക്കുന്നതിന്റെ ആനന്ദം മോഹന്‍ലാല്‍ നന്നായി ആസ്വദിച്ചു.പ്രതിഭയും അതിന്റെ പ്രശസ്തിയും ആള്‍ക്കൂട്ടവും വന്ന് പൊതിയുമ്പോഴും ആരുമല്ലാതെ സാധാരണക്കാരനായി നടക്കാനുള്ള ഈ മനുഷ്യന്റെ ആഗ്രഹം മനുഷ്യ ജീവിതത്തിന്റെ മറ്റൊരു തലത്തെയാണ് എനിയ്ക്ക് മുന്നില്‍ തുറന്നിട്ടത്.അതെനിക്ക് ഒരു വലിയ പാഠമായിരുന്നു.

Movie news On Celluloid Read : ഒടിയന്‍ ഹിന്ദി പതിപ്പ് ഒരു കോടിയിലേക്ക്

തിരിച്ചുപോരുന്നതിന്റെ തലേ ദിവസമാണ് ഭൂട്ടാനിലെ ഏറ്റവും പ്രധാനപ്പെട്ടതും പുരാതനവുമായ തക്സാങ്ങ് ബുദ്ധവിഹാരത്തിലേക്ക് ഞങ്ങള്‍ പോയത്.ഗുരു പദ്മസംഭവന്‍ ധ്യാനിച്ച ശൃംഗം;ഹിമാലയന്‍ വജ്രായന ബുദ്ധിസത്തിന്റെ പവിത്രഗൃഹം.സമുദ്രനിരപ്പില്‍നിന്നും 10200 അടി ഉയരത്തിലാണ്;ഒരു പകല്‍ മുഴുവന്‍ വേണം കയറിയിറങ്ങാന്‍.വഴിയില്‍ വിജനതയാണ്,ശ്വാസം മുട്ടിയാല്‍ ഒന്നുകിടക്കാന്‍ ചെറുക്ലിനിക്ക് പോലുമില്ല.എന്നിട്ടും മോഹന്‍ലാല്‍ വഴിമുഴുവന്‍ വടികുത്തി ഒരു തീര്‍ത്ഥാടകനായി കയറി.കിതച്ചപ്പോള്‍ ഞങ്ങള്‍ നിന്നു,മരങ്ങളേയും മലകളേയും ആകാശത്തേയും നോക്കി.എന്റെ മൊബൈലില്‍ ഞാനതെല്ലാം ഷൂട്ട് ചെയ്തു.അതില്‍ ഒരു വീഡിയോ ആണിത്.ഇതിന്റെ അവസാനം മോഹന്‍ലാല്‍ കൈകൂപ്പിയപ്പോള്‍ ഞാനൊന്ന് ഞെട്ടി.ആരുടെ മുഖത്താണ് ഞാനെന്റെ അശിക്ഷിത മൊബൈല്‍ ക്യാമറ വച്ചിരിക്കുന്നത്!എന്റെയും പല തലമുറകളില്‍പ്പെട്ട മലയാളികളുടേയും കൗമാര -യൗവ്വനങ്ങളേയും ഭാവുകത്വത്തേയും വഴി നടത്തിയ വലിയ കലാകാരന്റെ;വേഷങ്ങളില്‍നിന്ന് വേഷങ്ങളിലേയ്ക്ക് നാലരപ്പതിറ്റാണ്ടിലധികമായ പകര്‍ന്നാടുന്ന വിശേഷണങ്ങളേയും മറികടന്ന വ്യക്തിയുടെ.ഞാന്‍ ചെയ്തത്് എന്റെ ഭാഗ്യമാണോ ഗുരുത്വക്കേടാണോ എന്നറിയില്ല;സ്വയം ചോദിച്ചിട്ടും ഉത്തരം കിട്ടിയിട്ടുമില്ല. ഹൃദയം തൊട്ട പ്രിയ മിത്രത്തിന് പിറന്നാളാശംസകള്‍. ആയുരാരോഗ്യത്തിനും പുനര്‍ദര്‍ശനാനന്ദത്തിനും പ്രാര്‍ത്ഥിച്ചുകൊണ്ട്.

mohanlal latest news today

news in malayalam today on celluloid online