
തന്റെ പേരും ചിത്രങ്ങളും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടന് മോഹന്‍ലാല്‍. ജസ്റ്റിസ് ജ്യോതി സിംഗ് ആണ് ഹര്‍ജി കേള്‍ക്കുക. ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കും.
ഇതേ ആവശ്യം ഉന്നയിച്ച് മറ്റ് സെലിബ്രിറ്റികളും സമീപ വര്‍ഷങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും അമിതാഭ് ബച്ചനുമടക്കം തങ്ങളുടെ പേര്, ശബ്ദം, ചിത്രങ്ങള്‍ അടക്കമുള്ളവയുടെ അനുമതി കൂടാതെയുള്ള ഉപയോഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സമർപ്പിച്ചിരുന്നു.
ഹര്‍ജിക്കാരുടെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വിധികളാണ് കോടതി ഇതിനകം പുറപ്പെടുവിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിലായി ഇത്തരത്തിലുള്ള ഒരു ഹര്‍ജി കോടതി പരിഗണിച്ചത് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടേത് ആയിരുന്നു.
പ്രധാനമായും പരസ്യങ്ങള്‍, ഉല്പന്നങ്ങള്, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്.