2003-ലെ കേരളപ്പിറവി ദിനത്തില്‍ മലയാള മനോരമ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘കഥയാട്ടം’ 17 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാഴ്ചക്കാരിലേക്കെത്തുകയാണ്. മലയാള നോവല്‍ സാഹിത്യത്തിലെ 10 അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാസംരംഭമാണ് കഥയാട്ടം. കഥയാട്ടം സംവിധാനം ചെയ്തത് ടി.കെ. രാജീവ്കുമാര്‍ ആണ്. മൂന്നാം ദിവസം പി. കേശവദേവിന്റെ ഓടയില്‍ നിന്ന് എന്ന നോവലിലെ പപ്പു എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ കുറിപ്പ് താഴെ വായിക്കാം
വെള്ളിത്തിരയില്‍ മഴ ചിതറിത്തുടങ്ങുകയാണ്. അവിടെ നനഞ്ഞു കിടക്കുന്നൊരു റിക്ഷ. ദൂരെ നിന്ന് ഇപ്പോള്‍ ക്ഷീണിതനായ ആ റിക്ഷാക്കാരന്റെ ദുര്‍ബലമായ ചുമ. കേശവദേവിന്റെ ‘ഓടയില്‍ നിന്ന്’ എന്ന നോവലിലെ പപ്പുവാണ് കഥാപാത്രം. മലയാളം ഏറ്റവുമധികം വായിച്ചൊരു നോവലിലെ കരുത്തനായ നായകന്‍. ഇപ്പോള്‍ കാണുന്ന പപ്പുവായിരുന്നില്ല പണ്ട്. അയാള്‍ തലയുയര്‍ത്തിയും നെഞ്ചുവിരിച്ചും റിക്ഷ വലിച്ചിരുന്നു. മലയാളകഥയുടെ വഴികളില്‍ ആ റിക്ഷയുമായി അയാള്‍ തേരോട്ടം നടത്തിയിരുന്നു.
ആരുമില്ലാത്ത പപ്പു. ഒന്നുമില്ലാത്ത പപ്പു. അയാള്‍ എല്ലാം നല്‍കി വളര്‍ത്തിയൊരു കുഞ്ഞുണ്ട്. ലക്ഷ്മി. അവള്‍ക്കമ്മയുണ്ട്. ആ അമ്മയോ മകളോ പപ്പുവിന് ആരുമല്ല. പക്ഷേ അയാള്‍ക്കെല്ലാമാണ്. മഴയിലുപേക്ഷിക്കപ്പെട്ട് അനാഥമായി കിടക്കുന്ന പഴയ റിക്ഷയുടെ ചാരെ നിന്ന് കമ്പിളി പുതച്ച് പപ്പു പറയുന്നു: ”ഓടയില്‍ നിന്ന് ഞാനന്ന് വാരിയെടുത്തത് ഒരു ജീവിതമായിരുന്നു”. ലക്ഷ്മിക്കും അവളുടെ അമ്മയ്ക്കും അങ്ങനെ ഒരു ജീവിതം കിട്ടി. പക്ഷേ പപ്പുവിന് ആ ജീവിതം കിട്ടിയില്ല.