എം. മുകുന്ദന്‍ ദാസനെ വീണ്ടും കണ്ടു…

കഥയാട്ടത്തിന്റെ ഒന്‍പതാം ദിവസം മയ്യഴിപുഴയുടെ തീരങ്ങളിലെ ദാസനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. 2003ല്‍ പത്ത് പ്രശസ്ത നോവലുകളിലെ പത്ത് കഥാപാത്രങ്ങളെ മോഹന്‍ലാല്‍ അരങ്ങിലെത്തിച്ച കലാസംരംഭമാണ് കഥയാട്ടം. ടി.കെ രാജീവ്കുമാര്‍ ആണ് കഥയാട്ടം സംവിധാനം ചെയ്തത്. ഓണ്‍ലൈനിലൂടെ കഥാപാത്രങ്ങള്‍ പ്രേക്ഷകരെ കാണാനെത്തുകയാണിപ്പോള്‍. കഥയാട്ടത്തിന് നാളെ തിരശ്ശീല വീഴും…ഇന്നത്തെ കഥയാട്ടത്തെ കുറിച്ചുള്ള മോഹന്‍ലാലിന്റെ കുറിപ്പ് താഴെ വായിക്കാം…

കഥാപാത്രം എഴുത്തുകാരനെയും കഥയുടെ കാലത്തെയും ഇടത്തെയും തേടിയെത്തിയാല്‍ എങ്ങനെയുണ്ടാകും. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസന്‍ അയാളെ സൃഷ്ടിച്ച എം. മുകുന്ദനെയും മയ്യഴിയെയും വീണ്ടും കാണാനെത്തിയാല്‍? ആ മുഖാമുഖം കോഴിക്കോടു കഥയാട്ടം അരങ്ങേറിയപ്പോഴായിരുന്നു. അവിടെ എം. മുകുന്ദന്‍ ദാസനെ വീണ്ടും കണ്ടു, അരങ്ങില്‍. ദാസന്‍ വീണ്ടും കണ്ട മയ്യഴിയെ വെള്ളിത്തിരയിലും കണ്ടു.

മയ്യഴി മാറിപ്പോയിരിക്കുന്നു. ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയല്ല ഇത്. അക്കാലം ഫ്രഞ്ചുകാരെ സ്‌നേഹിച്ച മയ്യഴിക്കാര്‍ക്കിടയില്‍ സ്വതന്ത്ര്യത്തെ സ്‌നേഹിച്ച ദാസനും കൂട്ടരും വ്യത്യസ്തരായിരുന്നു. പക്ഷേ നാടിന് സ്വാതന്ത്ര്യം കൈവന്നപ്പോള്‍ ആ സ്വപ്നത്തില്‍ ജീവിച്ച ദാസന് ജീവിതം ദുസ്സഹമാവുകയായിരുന്നു. കാമുകി നഷ്ടപ്പെട്ടു. വീടും വീട്ടുകാരുമകന്നു. രാജ്യം നേടിയപ്പോള്‍ വീടു പോയ പോരാളിക്ക് കടലില്‍ ആത്മാവുകള്‍ വിഹരിക്കുന്ന വെള്ളിയാങ്കല്ലിലേക്ക് പറന്നുപോകാനായിരുന്നു വിധി. ജീവിച്ചു തളര്‍ന്നൊരു ആത്മാവിന്റെ മടക്കം. വെള്ളിയാങ്കല്ലില്‍ നിന്ന് വീണ്ടുമൊരു തുമ്പിയെപ്പോലെ മയ്യഴിയിലേക്ക് പറന്നുവന്നാല്‍ ദാസന്‍ എന്താവും കാണുക? അതാണ് കഥയാട്ടത്തിന്റെ ഒന്‍പതാം ഭാഗം.