ബഷീര്‍ കഥാപാത്രമായി മോഹന്‍ലാല്‍

2003ലെ കേരളപ്പിറവി ദിനത്തില്‍ മലയാള മനോരമ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘കഥയാട്ടം’ 17 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാഴ്ചക്കാരിലേക്കെത്തുകയാണ്. മലയാള നോവല്‍ സാഹിത്യത്തിലെ 10 അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാസംരംഭമാണ് കഥയാട്ടം. മലയാള ഭാഷയുടെ വീണ്ടെടുപ്പിനായി മലയാള മനോരമ നടത്തിയ ‘എന്റെ മലയാളം’ എന്ന പദ്ധതിയുടെ ഭാഗമായിരുന്ന കഥയാട്ടം സംവിധാനം ചെയ്തത് ടി.കെ. രാജീവ്കുമാര്‍ ആണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് ഇന്ന് മോഹന്‍ലാലെത്തിയത്. അഭിനയത്തെ കുറിച്ചുള്ള മോഹന്‍ലാലിന്റെ കുറിപ്പ് താഴെ വായിക്കാം.

വൈക്കം മുഹമ്മദ് ബഷീര്‍. ബേപ്പൂരിലെ വൈലാലില്‍ വീട്. അവിടെ മാങ്കോസ്റ്റിന്‍ മരത്തിന്റെ കീഴെ ഒഴിഞ്ഞ ചാരുകസേര. ഗ്രാമഫോണില്‍ സൈഗാളിന്റെ ‘സോജാ രാജകുമാരി’. വലിയ കണ്ണാടിയും പേനയും കയ്യെഴുത്തും സ്‌ക്രീനില്‍ കഥയുടെ സുല്‍ത്താന് രംഗപടമൊരുക്കുന്നു.

പിന്നാലെ ബഷീര്‍ ആയി വേദിയില്‍. പല കഥകളിലെ ബഷീര്‍. പല ജീവിതം ജീവിച്ച ബഷീര്‍. ‘അനുരാഗത്തിന്റെ ദിനങ്ങള്‍’, ‘ മതിലുകള്‍’, ‘ പാത്തുമ്മയുടെ ആട്’ എന്നീ നോവലുകളില്‍ നിന്നുള്ള ബഷീറിന്റെ കഥാഭാഗങ്ങള്‍ അരങ്ങിലെത്തുന്നു.