ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയം ആഘോഷിച്ച് മോഹൻലാലും അണിയറപ്രവർത്തകരും

','

' ); } ?>

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത “തുടരും” എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്നതിനിടയിലാണ്, തികച്ചും അപ്രതീക്ഷിതമായി ഒരു ലളിതമായ വിജയാഘോഷം കൊച്ചിയിൽ നടന്നത്.
ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ, നടൻ മോഹൻലാൽ പൂനയിൽ നടന്നുകൊണ്ടിരിക്കുന്ന സത്യൻ അന്തിക്കാടിൻ്റെ “ഹൃദയപൂർവ്വം” സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൂനയിലെ ചിത്രീകരണം ഏപ്രിൽ 27ന് പൂർത്തിയായതിനെ തുടർന്ന് മേയ് 2ന് കൊച്ചിയിലെ ഷെഡ്യൂൾ ആരംഭിച്ചു.

അന്നേ ദിവസം, തന്റെ വിവാഹ വാർഷികം ചെന്നൈയിലും പ്രധാനമന്ത്രിയുടെ ചടങ്ങിൽ മുംബൈയിലും പങ്കെടുത്ത് തിരിച്ചെത്തിയ മോഹൻലാൽ, “തുടരും” സിനിമയുടെ വിജയത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിയിൽ അപ്രതീക്ഷിതമായി പങ്കെടുക്കുകയായിരുന്നു. ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ പ്രസിഡൻ്റ് ഷിബിൻ, സെക്രട്ടറി ജിതിൻ എന്നിവർ നേതൃത്വം നൽകിയ ലളിതമായ ചടങ്ങ് കൊച്ചിയിലെ ട്രാവൻകൂർ ഹോട്ടലിലാണ് നടത്തിയത്. നിർമ്മാതാവ് എം. രഞ്ജിത്ത് പരിപാടിക്ക് എത്തിച്ചേർന്നതോടെ അദ്ദേഹം സംവിധായകൻ തരുൺ മൂർത്തിയേയും തിരക്കഥാകൃത്ത് കെ.ആർ. സുനിലിനേയും വിളിച്ചുവരുത്തി. ഇരുവരും ഉടൻ പരിപാടിയിൽ പങ്കുചേർന്നു. സംവിധായകൻ സത്യൻ അന്തിക്കാടും അവിടെ എത്ത്തിയിരുന്നു.

മോഹൻലാൽ, തരുൺ മൂർത്തി, എം. രഞ്ജിത്ത്, കെ.ആർ. സുനിൽ, ആൻ്റണി പെരുമ്പാവൂർ, സത്യൻ അന്തിക്കാട് എന്നിവരും അവരുടെ അനുഭവങ്ങൾ പങ്കുവച്ച് സംസാരിച്ചു. കൂടാതെ ചിത്രീകരണത്തിനിടയിൽ മോഹൻലാൽ നേരിട്ട കഷ്ടപ്പാടുകൾ നിർമാതാവ് രഞ്ജിത്ത് പരിപാടിയിൽ പറയുകയുണ്ടായി. “പത്തുവർഷത്തോളം ഈ വിഷയം തങ്ങളോടൊപ്പംവെച്ച്, ക്ഷമയോടെ കാത്തിരുന്നതിന് ദൈവം നല്കിയ അനുഗ്രഹമാണ് ഈ വിജയം,” എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. “തുടരും”, “എമ്പുരാൻ” എന്ന രണ്ടു വൻ വിജയങ്ങൾ ഒരേ മാസത്തിൽ ലഭിച്ച സന്തോഷത്തിൽ, രണ്ടു ചിത്രങ്ങൾക്കുമുള്ള കേക്ക് മുറിച്ച് ആഘോഷം അവസാനിപ്പിച്ചു.

ചടങ്ങിനൊടുവിൽ മോഹൻലാൽ രഞ്ജിത്തിനോട് ചോദിച്ചു: “ചടങ്ങ് ഇനിയുമുണ്ടാകുമോ?” “ഉണ്ട് ചേട്ടാ… വല്യപരിപാടി പുറകേ…” എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. ചോദ്യവും മറുപടിയും സമൂഹമാധ്യമനകളിൽ വൈറലാണ്. വാഴൂർ ജോസ്.