അന്‍പതു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള ഖാദി ബോര്‍ഡിന് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചു. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ഒരു ടെലിവിഷന്‍ പരസ്യത്തില്‍ അഭിനയിച്ചതിന് മോഹന്‍ലാലിന് എതിരെ ഖാദി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ നടത്തിയ പരസ്യ പരാമര്‍ശങ്ങള്‍ തന്റെ പ്രതിച്ഛായയെ അപമാനിക്കുന്ന തരത്തിലായിരുന്നു എന്നാണ് മോഹന്‍ലാല്‍ ആരോപിക്കുന്നത്. വക്കീല്‍ നോട്ടീസ് ഖാദി ബോര്‍ഡിന് ലഭിച്ചതായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് പറഞ്ഞു.
പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുചടങ്ങില്‍ പരസ്യമായി ആക്ഷേപിച്ചു, പത്ര ദൃശ്യമാധ്യമങ്ങളിളും മറ്റും വാര്‍ത്ത നല്‍കി, വക്കീല്‍ നോട്ടീസ് അയക്കുന്നതിന് മുന്‍പ് ഉണ്ടായ ഇത്തരം നടപടികള്‍ വൃത്തികെട്ട പ്രശസ്തി ലക്ഷ്യമിട്ടാണെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. 14 ദിവസത്തിനുള്ളില്‍ 50 കോടി നല്‍കുകയോ പരസ്യമായോ മാധ്യമങ്ങളില്‍ക്കൂടിയോ മാപ്പ് പറയുകയോ ചെയ്യണമെന്നാണ് നോട്ടീസില്‍ പറയുന്നത്.