ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിലെ അഭിനേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അനുപം ഖേര്‍, അക്ഷയ് ഖന്ന തുടങ്ങി പന്ത്രണ്ട് പേര്‍ക്കെതിരെയാണ് ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം മുസാഫര്‍പൂര്‍ പൊലീസ് കേസെടുത്തത്. ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുക, ക്രിമിനല്‍ ഗൂഢാലോചന നടത്തുക എന്നിവ കാണിച്ച് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

അനുപം ഖേറിനും മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവായി അഭിനയിക്കുന്ന അക്ഷയ് ഖന്നയ്ക്കും സോണിയാ ഗാന്ധിയായി അഭിനയിക്കുന്ന ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ടിനും മറ്റ് അഭിനേതാക്കള്‍ക്കെതിരെയുമാണ് സുധീര്‍ കുമാര്‍ ഓജ പരാതി നല്‍കിയിരുന്നത്. സംവിധായകനും നിര്‍മ്മതാവിനുമെതിരെയും ഓജ പാരാതി നല്‍കിയിരുന്നു.

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ജനുവരി 11നാണ് റിലീസ് ചെയ്തത്. മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. വിജയ് രത്‌നാകര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.