‘ഇത് കേരളമാണ്, സിനിമയില്‍ അഭിനയിച്ചു എന്നതുകൊണ്ട് ഇവിടെ രാഷ്ട്രീയത്തിലിറങ്ങാന്‍ കഴിയില്ല’: മോഹന്‍ലാല്‍

','

' ); } ?>

തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമായ മറുപടിയുമായി നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം നിലപാടുകള്‍ വ്യക്തമാക്കി രംഗത്ത് എത്തിയത്. സിനിമയില്‍ അഭിനയിച്ചു എന്നതുകൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങാനാവില്ലെന്നും പ്രത്യേകിച്ച് അത് കേരളത്തില്‍ സാധ്യമല്ലെന്നും ഇക്കാര്യങ്ങളെ വളരെ ഗൗരവത്തോടെ നോക്കി കാണുന്നവരാണ് ഇവിടെയുള്ളതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘കഴിഞ്ഞ 41 വര്‍ഷങ്ങളായി ഞാന്‍ സിനിമയില്‍ അഭിനയിക്കുകയാണ്. എനിക്ക് കക്ഷി രാഷ്ട്രീയമില്ല. എനിക്ക് രാഷ്ട്രീയത്തില്‍ സുഹൃത്തുക്കളുണ്ട്. സാധാരണ എല്ലാ മനുഷ്യരെയുംപോലെ രാഷ്ട്രത്തിന് സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് വേവലാതിയുണ്ട്. അല്ലാതൊരു കക്ഷി രാഷ്ട്രീയം തല്‍ക്കാലമില്ല. പെട്ടെന്നു പോകാന്‍ പറ്റിയ ഒരു കാര്യമല്ലത്. എനിക്കറിയാവുന്ന കാര്യങ്ങള്‍ ചെയ്യാനേ എനിക്ക് താല്‍പ്പര്യമുള്ളു. രാഷ്ട്രീയം എനിക്ക് അറിഞ്ഞു കൂടാത്ത ഒരു കാര്യമാണ്.’

‘സിനിമയില്‍ അഭിനയിച്ചു എന്നതുകൊണ്ട് രാഷ്ട്രീയത്തിലിറങ്ങാന്‍ സാധിക്കില്ല. പ്രത്യേകിച്ച് കേരളത്തില്‍. ഇവിടുത്തെ ആള്‍ക്കാര്‍ രാഷ്ട്രീയത്തെ നന്നായി നോക്കി കാണുന്നവരാണ്. മറ്റുള്ള സംസ്ഥാനങ്ങളില്‍ രാഷ്ട്രീയവും സിനിമയും വളരെയധികം ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. കേരളത്തില്‍ അങ്ങനല്ല. അതിനാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ എനിക്ക് താല്‍പ്പര്യവുമില്ല.’ മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

പൃഥ്വിരാജ്, ടൊവീനോ തോമസ്, സൂര്യ, മഞ്ജു വാര്യര്‍, ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര എന്നിവരൊക്കെ നേരിട്ടല്ലെങ്കിലും ലൈവിന്റെ ഭാഗമായി. ഹൈദരാബാദിലെ ഫേസ്ബുക്കിന്റെ ഓഫീസില്‍ വെച്ചായിരുന്നു ലൈവ്. പദ്മഭൂഷണ്‍ ലഭിച്ചതിന്റെ സന്തോഷവും താരം ആരാധകരുമായി വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്.