
കര്‍ണഭാരത്തിൽ അഭിനയിച്ചത് പോലെ ഇനിയൊരിക്കലും അഭിനയിക്കാൻ സാധിക്കില്ലെന്ന് തുറന്നു പറഞ്ഞ് മോഹൻലാൽ. കാവാലം നാരായണപ്പണിക്കരുടെ കര്‍ണഭാരം നാടകത്തിനായി താന്‍ തയ്യാറെടുത്തത് എട്ട് ദിവസം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഡിഡി ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“കർണഭാരത്തിന് കാവാലം നാരായണപ്പണിക്കര്‍ സാറിനോടാണ് കടപ്പെട്ടിരിക്കുന്നത്. അത്യധികം സ്റ്റൈലൈസ്ഡ് ആയ നാടകമാണത്. അദ്ദേഹം നാടകത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ എനിക്കിത് പറ്റില്ലെന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ക്കു പറ്റും ലാല്‍ എന്ന് അദ്ദേഹം പറഞ്ഞു. അത് അനുഗ്രഹമാണ്. എട്ട് ദിവസം മാത്രം പരിശീലനം ചെയ്താണ് ഞാനത് അവതരിപ്പിച്ചത്.” മോഹൻലാൽ പറഞ്ഞു.
“ഡല്‍ഹിയിലെ വിഖ്യാതമായ കമാനി ഓഡിറ്റോറിയത്തില്‍ ഞാന്‍ കര്‍ണഭാരം നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഞാന്‍ പെര്‍ഫോം ചെയ്തപ്പോള്‍ അവര്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയും വീണ്ടും ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് തവണ പെര്‍ഫോം ചെയ്തു. പിന്നീട് ബോംബെയിലും അവതരിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ അവതരിപ്പിക്കാനായില്ല. പിന്നാലെ അദ്ദേഹം അന്തരിച്ചു. എനിക്കിത് വീണ്ടും ചെയ്യാനാകുമോ എന്നറിയില്ല. ഈയ്യടുത്ത് ഞാന്‍ ആ തിരക്കഥ വായിച്ചിരുന്നു. എങ്ങനെ ഞാനിത് ചെയ്തുവെന്ന് അത്ഭുതപ്പെട്ടു. ഭാഗ്യവശാല്‍ നടന്‍ മനോജ് ജോഷി കര്‍ണഭാരത്തിന്റെ വീഡിയോ ആര്‍ക്കൈവില്‍ നിന്നും എടുത്തു തന്നു. എനിക്കത് വീണ്ടും കാണാനുള്ള ഭാഗ്യമുണ്ടായി. ഇപ്പോഴത് യൂട്യൂബില്‍ കാണാം”. മോഹൻലാൽ കൂട്ടിച്ചേർത്തു.