തെലുങ്ക് നടൻ മോഹൻബാബുവിന്റെ വില്ലനായി അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ മോഹൻലാൽ. കണ്ണപ്പ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് മോഹൻലാൽ ഈ കാര്യം വ്യക്തമാക്കിയത്. കൂടാതെ മോഹൻ ബാബുവിനൊപ്പം അഭിനയിക്കുന്നത് അത്ര എളുപ്പമല്ലെന്ന് മോഹൻലാൽ തമാശയായി പറഞ്ഞു. മോഹൻബാബുവിനെ കണ്ടാൽ പാവമാണെന്ന് തോന്നുമെങ്കിലും ആൾക്കാരെ അടിക്കുകയും ഇടിക്കുകയുമൊക്കെ ചെയ്യും. വെറുതേ പറഞ്ഞതാണ്. അത്രമേൽ നല്ലൊരു വ്യക്തിയാണ് മോഹൻ ബാബുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
“560 സിനിമ ചെയ്തയാളാണ് എന്നോട് ഒരു സിനിമ തരുമോ എന്ന് ചോദിച്ചത്. അതും എന്റെ വില്ലനായി അഭിനയിക്കണമെന്നാണ് പറഞ്ഞത്. സാർ നീങ്ക ഹീറോ, നാൻ വില്ലൻ. എനിക്ക് ആ ഭാഗ്യമുണ്ടാവട്ടെ. നമുക്ക് അടുത്ത് ഏതെങ്കിലുമൊരു സിനിമ ചെയ്യണം. തീർച്ചയായിട്ടും അത് സംഭവിക്കട്ടെ.” മോഹൻലാൽ പറഞ്ഞു.
മോഹന്‍ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനംചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘കണ്ണപ്പ’. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്റെ തെലുഗിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം നിർവഹിച്ചിരിക്കുന്നത്. തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി.