ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു. തപ്‌സി പന്നുവാണ് ചിത്രത്തില്‍ മിതാലി രാജായി വേഷമിടുന്നത്. ചിത്രത്തെ കുറിച്ചുളള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകനെ തീരുമാനിച്ചു കഴിഞ്ഞാല്‍ ഉടനെ ചിത്രീകരണം ആരംഭിക്കുമെന്നും പറയുന്നു.
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏക താരവുമാണ്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 200 രാജ്യാന്തര ഏകദിന മത്സരങ്ങളില്‍ പങ്കെടുത്ത ഏക വനിതാ താരവും രണ്ട് ലോകകപ്പ് ഫൈനലുകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ഒരേയൊരു താരവുമാണ് മിതാലി.
നേരത്തെ സൂര്‍മ എന്ന ചിത്രത്തില്‍ തപ്‌സി പന്നു ഹോക്കി താരമായി അഭിനയിച്ചിരുന്നു. കൂടാതെ അനുരാഗ് കശ്യപിന്റെ പുതിയ ചിത്രമായ സാന്ത് കി ആങ്കില്‍ ഷൂട്ടറുടെ വേഷത്തിലും തപ്‌സി എത്തുന്നുണ്ട്. അക്ഷയ് കുമാറും വിദ്യാ ബാലനും ഒന്നിക്കുന്ന മിഷന്‍ മംഗള്‍, പ്രകാശ് രാജ് ഒരുക്കുന്ന ദഡ്ക എന്നിവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത ഗെയിം ഓവറാണ് തപ്‌സി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. പി.ടി ഉഷ, സൈന നെഹ്‌വാള്‍ എന്നിവരുടേതടക്കം നിരവധി ബയോപിക്കുകളാണ് അണിയറയില്‍ ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.