
ആക്ഷൻ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയ ടോം ക്രൂസിന്റെ പ്രശസ്തമായ ഫ്രാൻഞ്ചൈസ് ‘മിഷൻ ഇമ്പോസിബിളിന്റെ എട്ടാമത്തെ ഭാഗം, ‘മിഷൻ ഇമ്പോസിബിൾ: ദി ഫൈനൽ റെക്കണിംഗ്’, ഇന്ത്യയിൽ മെയ് 17-ന് തീയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രം കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചപ്പോൾ ലഭിച്ച ആദ്യപ്രതികരണങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ‘ഡെഡ് റെക്കണിംഗ് – പാർട്ട് വൺ’ന്റെ തുടർച്ചയാണ് ചിത്രം.
ആക്ഷൻ സീനുകളിൽ പതിവുപോലെ തന്നെ ടോം ക്രൂസ് അത്ഭുതം സൃഷ്ടിച്ചിട്ടുണ്ടെന്നും, സിനിമ ഐമാക്‌സിൽ കാണാൻ തന്നെ ശ്രമിക്കണമെന്നും, അവസാന 40 മിനിറ്റ് പ്രേക്ഷകരെ “ശ്വാസം തടഞ്ഞുനിർത്തുന്ന” അനുഭവത്തിലേക്ക് നയിക്കുന്നുവെന്നുമാണ് പ്രേക്ഷകർ വ്യക്തമാക്കുന്നത്. എന്നാൽ ചില നിരൂപകർ ചിത്രത്തിന് മുൻ ഭാഗങ്ങളിലേത് പോലെ എനർജി ഇല്ലെന്നും, കുറച്ച് സ്ലോ ആയിപ്പോയെന്നുമാണ് അഭിപ്രായപ്പെട്ടത്.
ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ട്രേഡ് അനലിസ്റ്റുകൾപ്രകാരം ഇന്ത്യയിൽ ആദ്യ ദിവസം ചിത്രത്തിന് ഏകദേശം ₹20 കോടി രൂപയുടെ കളക്ഷൻ പ്രതീക്ഷിക്കപ്പെടുന്നു. 38,500 ടിക്കറ്റുകൾ ഇതിനോടകം തന്നെ വിൽക്കപ്പെട്ടതായാണ് റിപ്പോർട്ട് — പിവിആറിൽ നിന്ന് 30,000 ടിക്കറ്റും സിനിപോളിസിൽ നിന്ന് 8,500 ടിക്കറ്റുമാണ് ഇതിലടങ്ങുന്നത്.
1996-ൽ ആരംഭിച്ച ഈ സീരീസ്, പ്രേക്ഷകരെ പതിവ് പോലെ ആകർഷിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ്. സിനിമയുടെ ദൈർഘ്യം 2 മണിക്കൂർ 49 മിനിറ്റ് ആണെന്നും, ഇത് സീരീസിലെ അവസാന ചിത്രമാകുമെന്ന സൂചനകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ടോം ക്രൂസ് ഇതിലും അടുത്തുള്ള ദൃശ്യങ്ങൾക്കായി നടത്തിയ ബഹുമുഖമായ ശ്രമങ്ങൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.