ബംഗളൂരു ചലച്ചിത്രമേളയില്‍ ‘മേപ്പടിയാന്‍’ മികച്ച ഇന്ത്യന്‍ ചിത്രം

ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന് ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ പുരസ്‌കാര നേട്ടം. 2021ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. നൂറിലധികം ചിത്രങ്ങളെ പിന്തള്ളിയാണ് മേപ്പടിയാന്‍ ഒന്നാമതെത്തിയത്. കര്‍ണ്ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്‌ലോട്ടില്‍ നിന്നും ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. മന്ത്രി ഡോ. സി എന്‍ അശ്വത്ഥ് നാരായണ്‍, ഡി വി സദാനന്ദ ഗൗഡ എംപി, ചീഫ് സെക്രട്ടറി പി രവികുമാര്‍, കര്‍ണാടക ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സുനീല്‍ പുരാനിക്, തര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഡി ആര്‍ ജയ്രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മേപ്പടിയാന്റെ ഭാഗമായ ഓരോരുത്തര്‍ക്കും അഭിമാന നിമിഷമാണ് ഇതെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തെ പിന്തുണച്ച എല്ലാവര്‍ക്കും അദ്ദേബം നന്ദിയും അറിയിച്ചിട്ടുണ്ട്. സ്വന്തം നിര്‍മ്മാണക്കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് മേപ്പടിയാന്‍. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണിയെ കുടുംബനായകനായി അവതരിപ്പിക്കുകയായിരുന്നു സംവിധായകന്‍. ജനുവരി 14ന് തിയറ്ററുകളിലെത്തിയ ചിത്രം കൊവിഡ് പശ്ചാത്തലത്തിലും മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടിയത്. അഞ്ജു കുര്യന്‍ നായികയായ ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്ണ പ്രദാസ്, മനോഹരി അമ്മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.