“മോഹൻലാലിനൊപ്പമുളള ഇന്റിമേറ്റ് സീൻ പിന്നീട് നെഗറ്റീവ് രീതിയിൽ പ്രചരിക്കപ്പെട്ടതാണ്”; മീര വാസുദേവ്

','

' ); } ?>

തന്മാത്ര സിനിമയിലെ മോഹൻലാലിനൊപ്പമുളള ഇന്റിമേറ്റ് സീൻ പിന്നീട് നെഗറ്റീവ് രീതിയിൽ പ്രചരിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കി നടി മീര വാസുദേവ്. തന്നെക്കാൾ മികച്ച താരങ്ങളെ കിട്ടിയിട്ടും ഈ സീനിന്റെ പേരിൽ അവരെ വേണ്ടെന്നുവച്ചപ്പോൾ ആ സീനിന്റെ പ്രസക്തി മനസ്സിലായത് കൊണ്ടാണ് താനത് ചെയ്തതെന്നും, ആ സീൻ ചെയ്യാൻ മോഹൻലാലടക്കമുളള താരങ്ങൾ തന്നെ കംഫർട്ടാക്കാനാണ് ശ്രമിച്ചതെന്നും മീര വാസുദേവ് പറഞ്ഞു. മനോരമ ഓൺലൈനിൻ്റെ പ്രത്യേക വിഡിയോ പ്രോഗ്രാമായ ‘റിവൈൻഡ് റീൽസി’ലാണ് മീര ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

“തന്മാത്രയുടെ ആദ്യത്തെ മീറ്റിങ്ങിൽ കഥ പറയുന്നതിനൊപ്പം തന്നെ എന്നോട് ആ രംഗത്തെക്കുറിച്ച് ബ്ലെസി സർ പറഞ്ഞിരുന്നു. നിങ്ങൾ നോ പറഞ്ഞാലും പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു. പല സീനിയർ താരങ്ങളെയും ബന്ധപ്പെട്ടെങ്കിലും ഈയൊരു സീനിൻ്റെ പേരിൽ മാത്രമാണ് അവരെ വേണ്ടെന്ന് വച്ചത് എന്നും എന്നോട് പറഞ്ഞു. എന്നെക്കാൾ മികച്ച താരങ്ങളെ കിട്ടിയിട്ടും ഈ സീനിന്റെ പേരിൽ അവരെ വേണ്ടെന്നുവച്ചിട്ടുണ്ടെങ്കിൽ എനിക്ക് ആ സീനിൻ്റെ പ്രസക്തി മനസ്സിലാകുമെന്ന് ഞാൻ പറഞ്ഞു. ആ സീൻ മികച്ചതാക്കാൻ എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്തു.” മീര പറഞ്ഞു.

“സീൻ ഷൂട്ട് ചെയ്യുമ്പോൾ അവിടെ കുറച്ച് ആളുകൾ മാത്രമേ ഉള്ളുവെങ്കിൽ എനിക്ക് പെർഫോം ചെയ്യാൻ കൂടുതൽ സൗകര്യമായിരുന്നു എന്ന് ഞാൻ ബ്ലെസി സാറിനോട് പറഞ്ഞു. എന്റെ സ്വകാര്യ ഭാഗങ്ങൾ മറഞ്ഞിരിക്കണമെന്നും ഞാൻ പറഞ്ഞു. എനിക്ക് തന്ന വാക്ക് അതേപോലെ അവർ പാലിച്ചു. ബ്ലെസി സാറും അസോസിയേറ്റും ക്യാമറാമാനും ഫോക്കസ് പുള്ളറും മാത്രമാണ് ആ സീൻ ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്. അവിടെയുണ്ടായിരുന്ന എല്ലാവരും എന്നെ കംഫർട്ടബിൾ ആക്കാൻ ശ്രമിക്കുകയായിരുന്നു. ഷൂട്ട് നടക്കുന്ന സമയത്ത് ഞാനും മോഹൻലാൽ സാറും പരസ്‌പരം കംഫർട്ട് ആക്കാനാണ് നോക്കിയത്. മോഹൻലാൽ അടക്കം എല്ലാവരും എന്റെ കംഫർട്ടിനാണ് അന്ന് മുൻതൂക്കം നൽകിയത്. അതുകൊണ്ട് എനിക്ക് ആ സീൻ ചെയ്യുന്നതിൽ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. പക്ഷേ, ആ സീൻ പിന്നീട് ഒരുപാട് നെഗറ്റീവ് രീതിയിൽ പ്രചരിക്കപ്പെട്ടു. പിന്നെ ഇതൊക്കെയും പ്രഫഷനൽ കാര്യങ്ങളാണ്. വ്യക്‌തിപരമായി ഇവിടെ ഒന്നുമില്ല.” മീര കൂട്ടിച്ചേർത്തു.

ബ്ലെസിയുടെ സംവിധാനത്തിൽ 2005-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘തന്മാത്ര’. മറവിരോഗം ബാധിച്ച രമേശൻ നായർ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. കൈതപ്രത്തിന്റെ വരികൾക്ക് മോഹൻ സിത്താര ഈണമിട്ട ചിത്രത്തിലെ പാട്ടുകളത്രയും ഹിറ്റുകളാണ്.