‘സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിന് ശേഷം മലയാളികള്‍ ഏറെ കാത്തിരിക്കുന്ന വിനായകന്‍ ചിത്രമാണ് ‘തൊട്ടപ്പന്‍’. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ഗാനവുമെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ആദ്യ ടീസറിനായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഒരു സമ്മാനവുമായാണ് നടന്‍ ഫഹദ് ഫാസില്‍ തന്റെ പേജിലിന്നെത്തിയത്. തൊട്ടപ്പനിലെ എല്ലാ അണിയറപ്പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമായ മീനെ ചെമ്പുള്ള മീനെ എന്ന ഗാനം ഫഹദ് തന്റെ പേജിലൂടെ പുറത്ത് വിട്ടു. പ്രണയവും ഗ്രാമീണതയും കോര്‍ത്തിണക്കി മനോഹരമായി ഒരുക്കിയ ഗാനത്തില്‍ ആനന്ദം ഫെയിം റോഷന്‍ മാത്യൂ, പുതുമുഖനടി പ്രിയംവദ, വിനായകന്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്.
കിസ്മത്ത് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഷാനവാസ് ഒരുക്കുന്ന ചിത്രമാണ് തൊട്ടപ്പന്‍. ഫ്രാന്‍സിസ് നൊറോണയുടെ കഥയില്‍ പി എസ് റഫീഖാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. റഫീഖും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ആമേന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ റഫീഖ് തിരക്കഥയൊരുക്കുമ്പോള്‍ ഒരു ശക്തമായ കഥയുമായിത്തന്നെയാണ് തൊട്ടപ്പനെത്തുന്നതെന്നാണ് സൂചനകള്‍. പട്ടം സിനിമയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരി, ഷൈലജ മണികണ്ഡന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈദിനോടടുത്ത് ചിത്രം തിയേറ്ററുകളിലെത്തും..