മീ ടൂ: ഒറ്റയ്ക്ക് നിശബ്ദ പ്രതികരണം നടത്താനാണ് തനിക്ക് താല്‍പ്പര്യം : നിത്യ മേനോന്‍

മീ ടൂ ക്യാംപെയിനില്‍ പങ്കെടുത്ത് കൊണ്ട് പരസ്യ പ്രതികരണങ്ങള്‍ നടത്താത്തത് തനിക്ക് പ്രതികരിക്കാന്‍ തന്റേതായ മാര്‍ഗ്ഗങ്ങള്‍ ഉള്ളതിനാലാണെന്ന് തെന്നിന്ത്യന്‍ താരം നിത്യ മേനോന്‍. ഒരു ഗ്രൂപ്പില്‍ നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഒറ്റയ്ക്ക് നിശബ്ദ പ്രതികരണം നടത്താനാണ് തനിക്ക് താല്‍പ്പര്യമെന്നും നിത്യ കൂട്ടിചേര്‍ത്തു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ അഭിപ്രായം പങ്കുവെച്ചത്.

മീ ടു ക്യാംപെയിന്‍ സിനിമാ മേഖലയില്‍ ശക്തമാകുകയാണ്. ഈ അവസരത്തില്‍ ആരെങ്കിലും മോശമായി പെരുമാറിയാലോ ലൈംഗിക ചുവയോടെ സംസാരിച്ചാലോ സെറ്റില്‍ നിന്നും ഇറങ്ങിപ്പോവുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് താരം ഈ വാക്കുകള്‍ പറഞ്ഞത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..’ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഞാനത് നിശബ്ദയായാണ് ചെയ്തത്. ഇത്തരത്തിലൊരു അനുഭവം കൊണ്ട് ഒരു ചിത്രത്തിനോട് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്.’ ചിത്രത്തിന്റെ പേരു വെളിപ്പെടുത്താതെ നിത്യയുടെ മറുപടി.

‘മറ്റെല്ലാവരെയും പോലെ എനിക്കും എന്റേതായ കാഴ്ചപ്പാടുകളുണ്ട്. പക്ഷേ അത് എന്റേതായ രീതിയില്‍ ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നു എന്നോ എനിക്കതിന്റെ ഭാഗമാവേണ്ടയെന്നോ ഞാന്‍ കരുതുന്നില്ല, ഞാനതിന്റെ ഭാഗം തന്നെയാണ്. ഇത്തരം കാര്യങ്ങളെ നേരിടാന്‍ എനിക്ക് എന്റേതായൊരു രീതിയുണ്ടെന്നു മാത്രം,’ നിത്യ കൂട്ടിച്ചേര്‍ക്കുന്നു.

ബോളിവുഡ് അരങ്ങേറ്റത്തിനുളള തയ്യാറെടുപ്പിലാണ് നിത്യ. അക്ഷയ് കുമാര്‍ നായകനായെത്തുന്ന മംഗള്‍ പാണ്ഡെ ആണ് നിത്യയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം.