ഐഎഫ്എഫ്‌കെ 2018 : ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് തുടക്കമായി

ഐഎഫ്എഫ്‌കെ 2018 ന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ 2000 രൂപ സാംസ്‌കാരിക മന്ത്രി എ.കെ ബാലന് നല്‍കി ഡെലിഗേറ്റ് പാസ് എടുത്താണ് തുടക്കം കുറിച്ചത്. 2000 രൂപ സാംസ്‌കാരിക മന്ത്രി എ.കെ ബാലന് നല്‍കിയാണ് മുഖ്യമന്ത്രി മേളയുടെ ഡെലിഗേറ്റായത്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് മുന്നോടിയായി നവംബര്‍ 1 മുതല്‍ ചലച്ചിത്ര അക്കാദമിയുടെ 5 കേന്ദ്രങ്ങളിലൂടെയുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 1500 കടന്നതായി അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.ഇത്തവണ പൊതുവിഭാഗം, സിനിമ,ടിവി പ്രൊഫഷനലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിന്റെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒരുമിച്ചായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയാണ് ഡെലിഗേറ്റ് ഫീസ്.

ഡെലിഗേറ്റ് ഫീസ് 2000 മാക്കി ഉയര്‍ത്തിയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയുമാണ് ഇത്തവണ മേള നടത്തുന്നത്. 150 ഓളം ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 7 മുതല്‍ 13 വരെയായിട്ടാണ് മേള നടക്കുക. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കിയാണ് 23ാമത് രാജ്യാന്തര ചലച്ചിത്ര മേള എത്തുന്നത്.