“ജീവൻ രക്ഷിക്കേണ്ട സ്റ്റെതസ്കോപ്പ്, സ്വന്തം ജീവന് വേണ്ടി കൈകൂപ്പി നിൽക്കുന്ന പാവപ്പെട്ടവന്റെ കഴുത്തിൽ കുരുക്കായി മുറുക്കുന്ന ‘ചില’ ഡോക്ടർമാരുണ്ട്”; എം ബി പത്മകുമാർ

','

' ); } ?>

ആശുപത്രിയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് കുറിപ്പ് പങ്കുവെച്ച് നടനും സംവിധായകനുമായ എം ബി പത്മകുമാർ. 2017 ജനുവരിയിൽ തന്റെ കണ്ണിനുണ്ടായ ഒരു ചുവപ്പ് നിറത്തിന് വലിയൊരു ആശുപത്രിയിലെ പരിചയസമ്പന്നനായ ഡോക്ട ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചെന്നും, എന്നാൽ മറ്റൊരു ഡോക്ടറുടെ നിർദേശത്തിൽ നടത്തിയ പരിശോധനയിലൂടെ യഥാർഥ പ്രശ്നം കണ്ടെത്തുകയും സർജറിയുടെ ആവശ്യം വേണ്ടി വന്നില്ലെന്നും അദ്ദേഹം കുറിച്ചു. കൂടാതെ വെറുമൊരു സംശയത്തിന്റെ പേരിൽ മുഖം കീറിമുറിച്ചുള്ള പരിശോധനയ്ക്കും ഒരു ചെറിയ അവയവം നീക്കം ചെയ്യുന്നതിനുമായി താൻ നടത്തിയ തയ്യാറെടുപ്പുകൾ ഓർക്കുമ്പോൾ ഇന്ന് പേടി തോന്നുന്നുവെന്നും,രാവും പകലും ആശുപത്രികളിലും പ്രൈവറ്റ് പ്രാക്ടീസിലുമായി നൂറുകണക്കിന് രോഗികളെ പണം കൊയ്യാനുള്ള വെറും ഉപകരണങ്ങളായി മാത്രം കാണുന്നവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു പത്മകുമാറിന്റെ പ്രതികരണം.

“2017 ജനുവരിയിൽ കണ്ണിലുണ്ടായ നേരിയ ചുവപ്പിലായിരുന്നു തുടക്കം. കണ്ണിന് സാധാരണ വരുന്ന എന്തെങ്കിലും അസുഖമാകാം എന്നാണ് വീട്ടുകാരും കരുതിയത്. എന്നാൽ, വൈകാതെ ചെവിയോട് ചേർന്ന് കവിളിലായി ഒരു മുഴ പോലെ തടിപ്പ് കണ്ടുതുടങ്ങി. രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞതോടെ ആ മുഴ വലുതാവുകയും, കണ്ണിന്റെ അവസ്ഥ കൂടുതൽ ഭീകരമാവുകയും ചെയ്തു. അടുത്തുള്ള ക്ലിനിക്കിൽ പോയി മരുന്നുകൾ കഴിച്ചെങ്കിലും യാതൊരു മാറ്റവുമുണ്ടായില്ല. തുടർന്ന് വലിയൊരു ആശുപത്രിയിലെ പരിചയസമ്പന്നനായ ഡോക്ടറെ കണ്ടു. ഇതൊരു സാധാരണ മുഴയായി കാണാൻ കഴിയില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. റിപ്പോർട്ടുമായി വീണ്ടും ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം ഉടൻ തന്നെ സർജറിയും ബയോപ്സിയും നിർദ്ദേശിച്ചു. ചുറ്റും നടക്കുന്ന ദുരന്തങ്ങളൊന്നും ഒരിക്കലും എന്റെ ജീവിതത്തിൽ സംഭവിക്കില്ല എന്ന, മനുഷ്യസഹജമായ സാധാരണ ചിന്തയിലായിരുന്നല്ലോ അതുവരെ ഞാനും ജീവിച്ചിരുന്നത്. ഡോക്ടർ ആ തടിപ്പ് കീറിക്കളയണമെന്ന് പറഞ്ഞെന്നു മാത്രം അറിയിച്ചു.” പത്മകുമാർ കുറിച്ചു.

“എനിക്ക് വളരെ അടുത്ത് പരിചയമുള്ള ഒരു ഡോക്ടറുണ്ടായിരുന്നു; ഡോക്ടർ വേണുഗോപാൽ. കാര്യങ്ങൾ അറിഞ്ഞപ്പോൾ റിപ്പോർട്ടുകളെല്ലാം അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. “പേടിക്കണ്ട, ഞങ്ങളൊക്കെയുണ്ടല്ലോ, എല്ലാത്തിനും ഇപ്പോൾ പ്രതിവിധിയുണ്ട്,” എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് വലിയൊരു ധൈര്യം തന്നു. അദ്ദേഹം ഫോണിലൂടെ നിർദ്ദേശിച്ച ചില പരിശോധനകൾ കൂടി ചെയ്ത് ഞാൻ റിപ്പോർട്ടുകൾ അയച്ചുകൊടുത്തു. അങ്ങനെ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, വളരെ പ്രഗത്ഭനായ നേത്രരോഗവിദഗ്ദ്ധൻ ഡോക്ടർ അനൂപിനെ പോയി കണ്ടു. അദ്ദേഹം റിപ്പോർട്ടുകളെല്ലാം നോക്കുകയും കണ്ണ് വിശദമായി പരിശോധിക്കുകയും ചെയ്തു. യാതൊരുവിധ ഓപ്പറേഷന്റെയും ആവശ്യമില്ലെന്നും, ഞാൻ ചിന്തിക്കുന്നതുപോലെ മാരകമായ ഒന്നല്ല ആ മുഴയും കണ്ണിന്റെ തടിപ്പുമെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ അപൂർവ്വമായി മാത്രം കണ്ണുനീർ ഗ്രന്ഥിയെ ബാധിക്കുന്ന ഒരുതരം വൈറസാണിത്. അതിന് മരുന്നുകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ല. പരമാവധി ഇരുപത്തിയൊന്ന് ദിവസമോ മറ്റോ മാത്രമേ അത് ശരീരത്തിൽ ഉണ്ടാവുകയുള്ളൂ, അത് കഴിഞ്ഞാൽ അത് താനേ മാറിക്കൊള്ളും. അവർ പറഞ്ഞ ആ കാലയളവിനുള്ളിൽത്തന്നെ എന്റെ മുഖത്തെ ലക്ഷണങ്ങൾ പതിയെ മാഞ്ഞുതുടങ്ങി. അതുവരെ ഞാൻ കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ, ചെയ്ത ടെസ്റ്റുകൾ, വെറുമൊരു സംശയത്തിന്റെ പേരിൽ മുഖം കീറിമുറിച്ചുള്ള പരിശോധനയ്ക്കും ഒരു ചെറിയ അവയവം നീക്കം ചെയ്യുന്നതിനുമായി ഞാൻ നടത്തിയ തയ്യാറെടുപ്പുകൾ… ഇതെല്ലാം ഓർക്കുമ്പോൾ ഇന്ന് എനിക്ക് ഭയം തോന്നുന്നു. ജീവൻ രക്ഷിക്കേണ്ട സ്റ്റെതസ്കോപ്പ്, സ്വന്തം ജീവന് വേണ്ടി കൈകൂപ്പി നിൽക്കുന്ന പാവപ്പെട്ടവന്റെ കഴുത്തിൽ കുരുക്കായി മുറുക്കി തങ്ങളുടെ ടാർഗറ്റുകൾ തികയ്ക്കുന്ന ‘ചില’ ഡോക്ടർമാരുണ്ട്. രാവും പകലും ആശുപത്രികളിലും പ്രൈവറ്റ് പ്രാക്ടീസിലുമായി നൂറുകണക്കിന് രോഗികളെ പണം കൊയ്യാനുള്ള വെറും ഉപകരണങ്ങളായി മാത്രം കാണുന്നവർ.” പത്മ കുമാർ കൂട്ടിച്ചേർത്തു.