
നടനും രാഷ്ട്രീയനേതാവുമായ വിജയ്‌യെക്കുറിച്ചുള്ള തൃഷയുടെ പരാമർശം ആഘോഷമാക്കി ആരാധകർ. സൈമ 2025 വേദിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു താരം. തനിക്കൊപ്പം പ്രവര്‍ത്തിച്ച ഏതാനും നടന്മാരെക്കുറിച്ച് സംസാരിക്കാന്‍ തൃഷയോട് ആവശ്യപ്പെട്ടപ്പോഴാണ് താരത്തിന്റെ പ്രതികരണം. രാഷ്ട്രീയനേതാവെന്ന നിലയിലെ അദ്ദേഹത്തിന്റെ പുതിയ യാത്രയ്ക്ക് തൃഷ ആശംസകള്‍ അറിയിച്ചു. ഇത് നിര്‍ത്താത്ത ആരവത്തോടെയാണ് കാണികളായ ആരാധകര്‍ ആഘോഷമാക്കിയത്.
‘പുതിയ യാത്രയിൽ അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും. അദ്ദേഹം കാണുന്ന സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാവട്ടെ. കാരണം അത് അദ്ദേഹം അർഹിക്കുന്നു’.തൃഷ പറഞ്ഞു.
തുടർന്ന് അജിത് കുമാറിനെക്കുറിച്ചും തൃഷ പറഞ്ഞു. ‘ഞാൻ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വളരേ സ്നേഹവും ദയയുമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് എന്തെങ്കിലും ഭാവമാറ്റങ്ങൾ വരുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ലൈറ്റ് ബോയ് മുതൽ ടെക്‌നീഷ്യന്മാർവരേയും സഹതാരങ്ങളേയും അദ്ദേഹം ബഹുമാനിക്കുന്നു’. തൃഷ കൂട്ടിച്ചേർത്തു.
ശനിയാഴ്ച ദുബായിലായിരുന്നു 2025-ലെ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ് വിതരണച്ചടങ്ങ് നടന്നത്. കഴിഞ്ഞ 25 വര്‍ഷം ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ മുന്‍ നിര്‍ത്തിയായിരുന്നു തൃഷയ്ക്ക് പുരസ്‌കാരം.