‘മാസ്റ്റര്‍’ 200 കോടി ക്ലബ്ബിലേക്ക്

വിജയ് ചിത്രം ‘മാസ്റ്റര്‍’ 200 കോടി ക്ലബ്ബിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ 9 ദിവസങ്ങളിലെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ലഭിച്ച ഗ്രോസ് കളക്ഷന്‍ 200 കോടി കടക്കുമെന്നാണ് ചില ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 96.70 കോടിയും ചിത്രത്തിന് ലഭിച്ചു. 8.50 കോടിക്കാണ് മാസ്റ്ററിന്റെ തെലുങ്കിലെ വിതരണാവകാശം വിറ്റ് പോയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

50 ശതമാനം മാത്രം പ്രവേശന അനുമതിയോടെ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തമിഴ്നാട്ടില്‍ നേടിയത് 25 കോടിയാണ്. കേരളത്തില്‍ നിന്ന് ആദ്യ ദിനം തന്നെ 2.17 കോടിയാണ് മാസ്റ്റര്‍ നേടിയത്. ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളായ ഓസ്ട്രേലിയ, യുഎസ്, ഗള്‍ഫ് എന്നിവടങ്ങളിലും മാസ്റ്റര്‍ വന്‍ വിജയമായിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 100 കോടിയാണ് ചിത്രം നേടിയത്.

അതേസമയം കഴിഞ്ഞ വാരാന്ത്യത്തില്‍ ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ മാസ്റ്റര്‍ ഒന്നാം സ്ഥാനത്തായിരുന്നു. നിര്‍മ്മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സാണ് ഈ വിവരം അറിയിച്ചത്. 200 കോടി നേട്ടത്തെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടന്നിട്ടില്ല.