കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക്‌ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന മാര്‍ഗ്ഗംകളി തിയേറ്ററിലെത്തിയിരിക്കുകയാണ്. രസക്കൂട്ടിലൂടെ ഒരു മനോഹര പ്രണയകഥ പറയുകയാണ് മാര്‍ഗ്ഗംകളി. ശശാങ്കന്‍ മയ്യനാടാണ് കഥയും തിരക്കഥയുമൊരുക്കിയത്. സംഭാഷണം നായകന്‍ കൂടെയായ ബിബിന്‍ ജോര്‍ജിന്റെതാണ്. രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പകുതി കടന്നുപോകുന്നത്.
യൗവനത്തിന്റെ കുസൃതികളും കുറുമ്പുകളുമെല്ലാമാണ് ഹരീഷ് കണാരനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്ന് ആദ്യപകുതി കൊഴുപ്പിക്കുന്നത്. ദുല്‍ഖറിന്റെ വോയ്‌സ് ഓവറാണ് ചിത്രത്തിന്റ കഥയെ തമ്മില്‍ കൂട്ടിയിണക്കുന്ന പ്രധാന ഘടകം. ചിത്രം രണ്ടാം പകുതിയിലേക്ക് കടന്നപ്പോള്‍ അല്‍പ്പംകൂടെ തിരക്കഥയ്ക്ക് കെട്ടുറപ്പ് അനുഭവപ്പെട്ടു. ശാന്തികൃഷ്ണ, സിദ്ദിഖ് എന്നിവരുടെ പ്രകടനം നന്നായിരുന്നു. ഇതിനകം ടീസറില്‍ തന്നെ ഹിറ്റായ ബൈജുവിന്റെ റീലോഡഡ് ആന്റപ്പന്‍ തിയേറ്ററിലും കസറുന്നുണ്ട്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിന്ദു പണിക്കര്‍ എന്നീ താരങ്ങളുടെ പ്രകടനമെല്ലാം മികച്ചതായി തോന്നി.
അരവിന്ദ് കൃഷ്ണയുടെ ക്യാമറ റൊമാന്റിക് എന്റടെയിനറിന് അനുയോജ്യമായി അനുഭവപ്പെട്ടു. ബികെ ഹരിനാരായണന്‍, അബീന്‍ രാജ് എന്നിവരുടെ വരികളും ഗോപീ സുന്ദറിന്റെ സംഗീതവും ചിത്രത്തിനോട് ചേര്‍ന്നുനിന്നു. ജോണ്‍കുട്ടിയുടെ എഡിറ്റിംഗും വളരെ നന്നായിരുന്നു. പലപ്പോഴും വൈകാരിക മുഹൂര്‍ത്തങ്ങളെ കൃത്യമായി തന്നെ അവതരിപ്പിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും തമ്മിലുള്ള സ്‌നേഹം, മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള സ്‌നേഹം, സുഹൃത്ത് ബന്ധം ഇത്തരത്തില്‍ ബന്ധങ്ങളുടെ അടുപ്പമെല്ലാം ചിത്രത്തില്‍ അടയാളപ്പെടുന്നുണ്ട്. ചില തമാശകളൊന്നും ഏല്‍ക്കുന്നില്ലെങ്കിലും ബോറഡിപ്പിക്കാതിരിക്കാനുള്ള ഇടപെടലുകള്‍ സംഭാഷണങ്ങളില്‍ ഉടനീളമുണ്ട്. പെണ്‍കുട്ടികളുടെ നിലപാട്, സ്‌നേഹം എന്നിവയെല്ലാം കൃത്യമായി നമിതാ പ്രമോദിന് അവതരിപ്പിക്കാനായി.
ഒരു മാര്‍ഗവും ഇല്ലാതെ കളിക്കുന്ന കളി എന്ന ടാഗ് ലൈനുമായാണ് ചിത്രമെത്തിയത്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത തരത്തിലുള്ള വരവ് തന്നെയാണ് സച്ചിയുടേയും കൂട്ടരുടേയും.