മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രം നാവികസേന ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി പ്രദര്‍ശിപ്പിക്കുന്നു. മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന സിനിമ കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാതലത്തില്‍ മാറ്റിവെച്ചിരിക്കുകയാണ്. 19ന് നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ചിത്രം പ്രദര്ശിപ്പിക്കാനിരുന്നതാണ്. അതിന് ശേഷം ഇന്ത്യന്‍ നേവിക്ക് ചിത്രം സമര്‍പ്പിക്കാനുള്ള അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. പുതിയ പ്രദര്‍ശന തിയ്യതിയെ സംബന്ധിച്ച് വ്യക്തതയില്ല. മോഹന്‍ലാല്‍ അഭിമുഖത്തിലാണ് നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞത്.
ബാഹുബലിയുമായി ഈ ചിത്രം താരതമ്യപ്പെടുത്താനാവില്ലെന്നും, സിനിമ റിയലിസമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മരയ്ക്കാരുടെ ജീവിതം അതേപോലെ അവതരിപ്പിക്കുമ്പോഴും അതില്‍ സിനിമാറ്റിക് കാര്യങ്ങള്‍ കൂടെ ഉള്‍പ്പെടുത്തിയാണ് ചിത്രം പ്രിയദര്ശന് ഒരുക്കിയിരിക്കുന്നത്. പ്രിയദര്‍ശന്റെയും തന്റെയും കരിയറിലെ പ്രധാനപ്പെട്ട നാഴികകല്ലായി മാറാവുന്ന സിനിമയാണിതെന്ന് ലാല്‍ കൂട്ടിചേര്‍ത്തു. ദേശസ്നേഹത്തിന്റെ കഥ പറയുന്ന മരക്കാര്‍ ഡോക്യുമെന്ററി സ്വഭാവത്തിലുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.