കൊച്ചി: പ്രിയദര്‍ന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞാലിമരയ്ക്കാര്‍ ഒരു അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മോഹന്‍ലാല്‍ ഈ മാസം 12ാം തീയതി ഹൈദരാബാദിലെ ലൊക്കേഷനിലെത്തും. അബുദാബിയില്‍, കേരള പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നടക്കുന്ന ഷോയ്ക്ക് ശേഷമാകും ഹൈദരാബാദില്‍ ലാല്‍ എത്തുക. കുഞ്ഞാലിമരയ്ക്കാറുടെ ആദ്യ സീനുകളുടെ ചിത്രീകരണം ഹൈദരാബാദില്‍ നേരത്തെ ആരംഭിച്ചിരുന്നു.
സാമൂതിരി ചരിത്രത്തില്‍ പ്രധാനിയായ നാവിക സേനാ നായകന്റെ ചരിത്രം പറയുന്ന മരയ്ക്കാറിനു വേണ്ടി സാബു സിറിളിന്റെ നേതൃത്വത്തില്‍ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ പടുകൂറ്റന്‍ സെറ്റ് ആണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള കപ്പലിന്റെ മാതൃക ഏറെ വാര്‍ത്തയായിരുന്നു. വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകന്‍ പ്രണവ് മോഹന്‍ലാലാണ്.
ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാര്‍ പരമ്പരയിലെ ഒന്നാമനായ കുട്ട്യാലി മരയ്ക്കാര്‍ ആയെത്തുന്നത് മധുവാണ്. സുനില്‍ ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകും. നടന്‍ മുകേഷ് തന്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരാണ് സുപ്രധാന നായിക വേഷങ്ങളിലെത്തുന്നത്.
നവംബര്‍ മാസം, കേരളപ്പിറവി ദിനത്തില്‍, ഷൂട്ടിങ്ങ് ആരംഭിക്കാനായാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും, പ്രളയ ദുരിതാശ്വാസത്തിനായി നടക്കുന്ന താര സംഘടനയുടെ ഒന്നാണു നമ്മള്‍ എന്ന സ്റ്റേജ് ഷോക്ക് സൗകര്യമൊരുക്കാനായി തീയതി മാറ്റുകയായിരുന്നു. തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാളചിത്രമാകും കുഞ്ഞാലി മരയ്ക്കാര്‍.