നവാഗതകനായ പോളി വടക്കന്റെ സംവിധാനത്തില്‍ താരപുത്രന്മാരായ മഖ്ബൂല്‍ സല്‍മാനും രാജന്‍ പി ദേവിന്റെ മകന്‍ ജുബില്‍ രാജന്‍ പി ദേവും പ്രധാന വേഷങ്ങളിലെത്തുന്ന മാഫിഡോണയുടെ ട്രെയ്‌ലര്‍ മെഗാതാരം മമ്മൂട്ടി പുറത്ത് വിട്ടു. ഹെവന്‍ സിനിമാസിന്റെ ബാനറില്‍ ജോഷി മുരിങ്ങൂര്‍ നിര്‍മ്മിച്ച് പോളി വടക്കന്‍ സംവിധാനം ചെയ്തിരിക്കുന്ന മാഫി ഡോണയില്‍ ശ്രീവിദ്യ നായര്‍ ആണ് നായികയായെത്തുന്നത്. തീര്‍ത്തും സസ്‌പെന്‍സ് നിറഞ്ഞ ഒരു ക്രൈം ത്രില്ലര്‍ ചിത്രം ആയാണ് മാഫി ഡോണയെത്തുന്നത് ട്രെയ്‌ലര്‍ പറയുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പല പ്രശ്‌നങ്ങളെക്കുറിച്ചും മാഫി ഡോണയില്‍ പ്രതിപാദിക്കുന്നുണ്ട്.
സോഹന്‍ ലാല്‍, സുധീര്‍ കരമന, നീനാ കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കിരണ്‍ രാജ്, ശരണ്‍, മഷേല്‍, ജോബി, ജെയ്‌സ്, ഫാജിത എന്നിവരാണ് മറ്റു താരങ്ങള്‍.
മലയാള സിനിമയിലെ പ്രസിദ്ധ താര കുടുംബത്തിലെ ഇളമുറക്കാരനാണ് മഖ്ബൂല്‍. ടെലിവിഷന്‍/സിനിമ താരം ഇബ്രാഹിം കുട്ടിയുടെ മകനും മമ്മൂട്ടിയുടെ അനന്തിരവനുമാണ് മഖ്ബൂല്‍. എ.കെ. സാജന്‍ സംവിധാനം ചെയ്ത അസുരവിത്തിലൂടെയായിരുന്നു അഭിനയ ജീവിതത്തിനു തുടക്കം. ശേഷം അനീഷ് ഉപാസന സംവിധാനം ചെയ്ത മാറ്റിനിയില്‍ നായക വേഷം കൈകാര്യം ചെയ്തു. പറയാന്‍ ബാക്കി വച്ചത്, ഒരു കൊറിയന്‍ പടം, കസബ, മാസ്റ്റര്‍പീസ്, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
ജാസി ഗിഫ്റ്റാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ-അശ്വഘോഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ആന്റോ മൂര്‍ക്കനാട്, പി.സി വിത്സണ്‍, രഘുനാഥന്‍ വിതുര, കല-എം. കോയാസ്, മേക്കപ്പ്-ജയമോഹന്‍, വസ്ത്രാലങ്കാരം-ബുസി ബി ജോണ്‍, എഡിറ്റര്‍-അച്ചു വിജയന്‍,അസോസിയേറ്റ് ഡയറക്ടര്‍-സുന്ദര്‍, സ്റ്റണ്ട്-ജാക്കി ജോണ്‍സന്‍, വാര്‍ത്ത പ്രചരണം- എ.എസ് ദിനേശ് എന്നിവരാണ്. ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും.