വി.എം കുട്ടി അന്തരിച്ചു

മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം കുട്ടി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജനകീയ മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യസ്ഥാനക്കാരില്‍ ഒരാളാണ് വി.എം കുട്ടി. ഗായകനും ഗാനരചയിതാവും സംഗീതകാരനുമാണ്. സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.മാപ്പിളപ്പാട്ടില്‍ പുതിയ പരിക്ഷണങ്ങള്‍ കൊണ്ട് വന്ന് ജനകീയമാക്കി. 7 സിനിമകളില്‍ പാടിയിട്ടുണ്ട്. ഉല്‍പ്പത്തി, പതിനാലാംരാവ്,പരദേശി എന്നീ സിനികളില്‍ അഭിനയിച്ചു. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. ‘മാര്‍ക് ആന്റണി’ എന്ന സിനിമയ്ക്കായി വി.എം കുട്ടി പാട്ടെഴുതിയിട്ടുണ്ട്.

1935- ഏപ്രില്‍ 16-ന് മലപ്പുറം ജില്ലയിലെ പുളിക്കല്‍ എന്ന സ്ഥലത്ത് ജനിച്ച വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വി.എം.കുട്ടി മാപ്പിളപ്പാട്ടിന്റെ സുല്‍ത്താനായി അറിയപ്പെടുന്നു.മാപ്പിളപ്പാട്ട് ഗായകനായാണ് വി.എം കുട്ടി കൂടുതല്‍ അറിയപ്പെടുന്നതെങ്കിലും ഈ രംഗത്ത് അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല.ഗായകന്‍, സംഗീത സംവിധായകന്‍, അഭിനേതാവ്, രചയിതാവ്, ഗവേഷകന്‍, അങ്ങിനെ നീണ്ടുപോകുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ .നന്നെ ചെറുപ്പത്തിലെ മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നു വന്ന വി എം കുട്ടി ആറ് പതിറ്റാണ്ടിലേറെക്കാലമായി ഈ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്.നിരവധി കലാകാരന്മാരെ വളര്‍ത്തിയെടുത്തിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന വിളയില്‍ ഫസില വി.എം.കുട്ടി യിലൂടെയായിരുന്നു മാപ്പിളപ്പാട്ട് രംഗത്തെത്തിയത്.ഗ്രാമഫോണിലും, ആകാശവാണിയിലും, കേസറ്റുകളിലും മറ്റുമാ യി നിരവധി ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും ആലപിച്ചിറ്റുണ്ട്. 1960-കളിലാണ് ഗ്രാമഫോണ്‍ റെക്കാര്‍ഡില്‍ പാടി തുടങ്ങിയത്.ചാക്കീരി ബദ്‌റില്‍ നിന്നുള്ള വരികളും സംകൃത പമഗിരി ,കാളപൂട്ടിന്റതിശയം തുടങ്ങിയ ഗാനങ്ങളായിരുന്നു പാടി തുടങ്ങിയത്. മാപ്പിളപ്പാട്ടിന്റെ ചരിത്ര സഞ്ചാരങ്ങള്‍,മാപ്പിളപ്പാട്ടിന്റെ ഗതി മാറ്റം,മാപ്പിളപ്പാട്ടിന്റെ തായ് വേരുകള്‍,മാപ്പിളപ്പാട്ടിന്റെ ചരിത്രം വര്‍ത്തമാനം,മഹാകവി മോയിന്‍കുട്ടി വൈദ്യര്‍,വട്ടപ്പാട്ട്, തുടങ്ങി പ0നാര്‍ ഹങ്ങളായ നിരവധിഗ്രന്ഥങ്ങള്‍ രചിച്ചു. കനിവും നിനവും അദ്ദേഹത്തിന്റെ ആത്മകഥയാണ്.
കിടപ്പറ, ഖുറൈശി കന്യക, എന്നീ നോവലുകളും,കുരുവിക്കുഞ്ഞ് എന്ന ബാലസാഹിത്യ കൃതിയും,മഹിമ എന്ന നാടകവും,ബശീര്‍ മാല എന്ന കാവ്യവും രചിച്ചിറ്റുണ്ട്.ഭക്തിഗാനങ്ങള്‍,വീരഗാഥകള്‍,മൈത്രീ ഗാനങ്ങള്‍,സാമൂഹ്യ ഗാനങ്ങള്‍,കത്തു പാട്ടുകള്‍ തുടങ്ങി വിവിധ വകുപ്പുകളിലായി അദ്ദേഹം രചിച്ച നൂറിലേറെ ഗാനങ്ങളുടെ സമാഹാരം ഇശല്‍ നിലാവ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിറ്റുണ്ട്.

പതിനാലാം രാവ്,പരദേശി,ഉല്‍പത്തി,എന്നീ സിനിമകളില്‍ അഭിനയിച്ചു.1921- എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനവും,മാന്യമഹാ ജനങ്ങളെ
മൈലാഞ്ചി,സമ്മേളനം, സമ്മാനം തുടങ്ങിയ ചിത്രങ്ങളില്‍ ഒപ്പന സംവിധാനവും നിര്‍വ്വഹിച്ചു.എം. ഇ .എസ് അവാര്‍ഡ്,ഉബൈദ് അവാര്‍ഡ്,മാല – ദുബൈ അവാര്‍ഡ്,സംഗീത നാടക അക്കാദമി,മാപ്പിള സോംഗ് ലവേര്‍സ്,മാധ്യമം അവാര്‍ഡ്
കേരള കലാമണ്ഡലം,കേരള പോക് ലോര്‍ തുടങ്ങി നിരവധി അവാര്‍ഡുകളും ആദരവുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഫോക് ലോര്‍ അക്കാദമി,സംഗീത നാടക അക്കാദമി,ലളിതകലാ അക്കാദമി,ചലചിത്ര അക്കാദമി,മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മറ്റി തുടങ്ങി നിരവധി സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചിറ്റുണ്ട്.